റാഗിങ്ങിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.സംഭവത്തില്‍ ആറു വിദ്യാര്‍ഥികളെ പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തത്. അസഭ്യം പറയല്‍, മര്‍ദനം, ആയുധം കൊണ്ട് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസുകാരന് മര്‍ദനമേല്‍ക്കുന്നത്. മര്‍ദനമേറ്റ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്. സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു.
അമ്പലവയല്‍ സ്വദേശിയായ ശബരിനാഥിനെയാണ് പരിചയപ്പെടാന്‍ എന്ന പേരില്‍ ക്ലാസില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയാണ് മര്‍ദിച്ചത്. മുഖത്തിന്റെ ഇരുഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റ വിദ്യാര്‍ഥിയെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ബത്തേരി പൊലീസാണു കേസ് അന്വേഷിക്കുന്നത്.
സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്നും ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി മടക്കിയെന്നും വിദ്യാര്‍ഥിയുടെ കുടുംബം ആരോപിച്ചിരുന്നു