പറവൂർ - ചെറായി റോഡിൽ ഇരുചക്രവാഹനാപകടത്തിൽ അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന ബിന്ദുവിൻ്റെ ഭർത്താവ് ക്ലെയ്‌സൻ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരുക്ക് ഗുരുതരമല്ല. ഞായർ രാത്രി 7.05ന് ചെറായി പാടത്തിനു സമീപത്തായിരുന്നു അപകടം.
ചേന്ദമംഗലം കരിമ്പാടത്തെ ബന്ധുവിൻ്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു ക്ലെയ്‌സനും കുടുംബവും. ആൽവിൻ്റെയും ബിന്ദുവിൻ്റെയും മൂത്തകൻ അജോക്സിനെ കുടുങ്ങാശേരിയിലെ വീട്ടിൽ നിർത്തിയിട്ടാണ് ഇവർ കരിമ്പാടത്തേക്ക് പോയത്. തിരിച്ചു പോകും വഴി മഴയുണ്ടായിരുന്നു. മുന്നിൽ പോയ കാർ പെട്ടെന്നു ബ്രേക്ക് ഇട്ടതു കണ്ട് ക്ലെയ്‌സൻ സ്‌കൂട്ടർ ബ്രേക്ക് ചെയ്‌തപ്പോഴാണ് നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിൽ തെന്നിയ ശേഷം എതിരേ വന്ന ഓട്ടോറിക്ഷയിൽ തട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ആൽവിൻ സംഭവസ്‌ഥലത്തു വച്ചും ബിന്ദു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും മരിച്ചു.ഇരുവരുടേയും തലക്ക് ഗുരുതര പരിക്കേറ്റു.സൗദി അറേബ്യയിൽ ഡ്രൈവറായ ക്ലെയ്‌സൻ രണ്ട് ആഴ്‌ച മുൻപു നടന്ന ആൽവിൻ്റെ ആദ്യകുർബാന സ്വീകരണം പ്രമാണിച്ച് അവധിക്ക് നാട്ടിൽ വന്നതാണ്. എളങ്കുന്നപ്പുഴയിലെ സ്വകാര്യ ആയുർവേദ ക്ലിനിക്കിൽ ജീവനക്കാരിയാണ് ബിന്ദു.
എടവനക്കാട് എസ്‌ഡിപിവൈ കെപിഎംഎച്ച്എസിൽ ഏഴാംക്ലാസ് വിദ്യാർഥിയാണ് ആൽവിൻ. മൃതദേഹങ്ങൾ ഡോൺ ബോസ്കോ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് .