കോട്ടയം നഗരത്തിലെ ആകാശപാത പൊളിച്ച് മാറ്റുമെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തോടെ പദ്ധതി വീണ്ടും സജീവ ചർച്ചയാകുന്നു



വർഷങ്ങളായി നിശ്ചലമായി നിൽക്കുന്ന ആകാശപാത പൊളിക്കണമെന്നും വേണ്ടെന്നും അഭിപ്രായമുളളവരാണ് കോട്ടയത്തുള്ളത്. രാഷ്ട്രീയ തർക്കത്തിന്റെ പേരിൽ കോടികൾ പാഴാക്കുന്നുവെന്ന വിമ‍ർശനവും ഉയരുന്നുണ്ട്. എട്ട് കൊല്ലമായി എയറിലൊരു ആകാശപാത.

കോട്ടയം പട്ടണത്തിന് ഇപ്പോഴിതൊരു ഐഡന്റ്റിറ്റിയാണ്. നഗരത്തിൽ വന്ന് പോകുന്നവരിൽ പലരും കണ്ടുപോകുന്നൊരു കൗതുകം. പക്ഷെ വെയിലും മഴയും കൊണ്ട് ആകാശപാതയുടെ അടിത്തൂണുകൾ തുരുമ്പെടുത്ത് തുടങ്ങി. കാലങ്ങളായി ഇങ്ങനെ കിടക്കുന്ന ആകാശപാത നോക്കി എന്തൊരു പ്രഹസനമാണ് ഇത് എന്നും പറയുന്നവരുണ്ട്.

സാധാരണക്കാർ മുതൽ ഹൈക്കോടതി വരെ ആകാശപ്പാതക്കെതിരെ വടിയെടുത്തതോടെ വലിയ വിമർശനങ്ങളും പ്രതിഷേധവും ഉയ‍ർന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പദ്ധതിക്ക് പണം വേണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. പക്ഷേ സർക്കാർ പദ്ധതിക്ക് അനുകൂലമല്ല. ഇനിയും പദ്ധതിക്ക് പണം വകയിരുത്തുന്നത് നഷ്ടമെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. 2016 ൽ അഞ്ചരക്കോടി 18 ലക്ഷം രൂപ അനുവദിച്ചാണ് ആകാശപാത നിർമ്മാണം തുടങ്ങിയത്. ഒരു കോടി രൂപ ചെലവിൽ ഉരുക്ക് തൂണുകൾ സ്ഥാപിച്ച് അതിൽ കമ്പികൾ ചേർത്ത് വച്ച് ഒരു രൂപം മാത്രം ഉണ്ടാക്കി. പിന്നീട് പണികൾ നിലച്ചു. റോഡ് സുരക്ഷ വകുപ്പിന്റെ പദ്ധതിയുടെ നിർമ്മാണ ചുമതല കിറ്റ്കോയ്ക്ക് ആയിരുന്നു
Previous Post Next Post