എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമായെന്ന് പ്രചരിപ്പിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം സമ്മതിക്കുന്നു. പക്ഷേ പുറകോട്ട് പോകാനോ മാറിയിരുന്ന് കരയാനോ എല്‍ഡിഎഫ് ഒരുക്കമല്ല. മാറ്റം വരുത്തേണ്ട കാര്യങ്ങളില്‍ മാറ്റം വരുത്തി എല്‍ഡിഎഫ് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും. ഇടത് പക്ഷം ശൂന്യതയിലേക്ക് പോയിട്ടില്ല. ആര്‍ക്ക് വേണ്ടി നിലകൊള്ളുന്നു. അതിനായി മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
നയങ്ങളാണ് സർക്കാറിനെ ജനങ്ങളോട് അടുപ്പിക്കുന്നതെന്ന് അച്യുതമേനോൻ സർക്കാറിനെ ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം പറഞ്ഞു. എല്ലാവരേക്കാളും വലിയവര്‍ ജനങ്ങളാണ്. അത് ഞങ്ങള്‍ കാണുന്നുണ്ട്. ജനങ്ങള്‍ ചില കാര്യങ്ങളില്‍ എല്‍ഡിഎഫിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജന കല്‍പനയെ ഞങ്ങള്‍ സ്വീകരിക്കും. എല്‍ഡിഎഫ് ഇപ്പോള്‍ പോകുന്നത് പോലെ പോയാല്‍ പോരാ എന്നാണ് ജനങ്ങള്‍ പറയുന്നത്. തിരുത്താനുള്ള കാര്യങ്ങള്‍ തിരുത്തും. ഇടതുപക്ഷ മൂല്യങ്ങള്‍ മറന്നു പോയിട്ടില്ല. എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ജനങ്ങളോട് തുറന്ന് പറയും.