കറുകച്ചാൽ: ലോട്ടറി കച്ചവടക്കാരനായ മധ്യവയസ്കനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വാഴപ്പള്ളി കുമരംകരി ഭാഗത്ത് മുന്നൂറ്റി നാൽപ്പതിൽച്ചിറ വീട്ടിൽ രാജീവ്(31) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏപ്രിൽ 25-ആം തീയതി വൈകിട്ട് 3:00 മണിയോടുകൂടി പത്തനാട് കവല ഭാഗത്ത് ലോട്ടറി കച്ചവടം നടത്തിക്കൊണ്ടിരുന്ന കാഴ്ചക്കുറവുള്ള മധ്യവയസ്കനെ സമീപിച്ച് 40 രൂപ വില വരുന്ന 19 ലോട്ടറി ടിക്കറ്റുകൾ വാങ്ങിക്കുകയും, പണം സുഹൃത്തിന്റെ ഫോണിലെ ഗൂഗിൾ പേ വഴി അയക്കാമെന്ന് പറയുകയായിരുന്നു. തുടർന്ന് ഇയാൾ സമീപത്തെ കടയിലെത്തി കടയുടമയെ തെറ്റിദ്ധരിപ്പിച്ച് ഇയാളുടെ ഫോണിൽനിന്നും ലോട്ടറി കച്ചവടക്കാരന്റെ ഫോണിലേക്ക് ഗൂഗിൾ പേ വഴി എസ്.എം.എസ് അയക്കുകയും, തുടർന്ന് തിരികെയെത്തി ലോട്ടറി കച്ചവടക്കാരനോട് 3500 രൂപ ഗൂഗിൾ പേ വഴി അടച്ചതിന്റെ എസ്എംഎസ് താങ്കളുടെ ഫോണിൽ വന്നിട്ടുണ്ടെന്നും പറഞ്ഞ് മധ്യവയസ്കനെ തെറ്റിദ്ധരിപ്പിച്ച് 19 ടിക്കറ്റിന്റെ തുക കഴിഞ്ഞുള്ള ബാക്കി തുകയും, ടിക്കറ്റുമായി ഇയാൾ കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് രാമങ്കരി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ ജയകുമാർ, എസ്.ഐ മാരായ സുനിൽ ജി, ബൈജു, എ.എസ്.ഐ മാരായ അജിത്ത്, വിഷ്ണു, സി.പി.ഓ രതീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.