സംവരണത്തെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ തള്ളി കെഎസ്‌യു; മാഗസിനില്‍ നിന്ന് പിന്‍വലിച്ചു കഴിഞ്ഞദിവസം പുറത്തിറക്കിയ കോളേജില്‍ മാഗസിനിലാണ് സംവരണത്തെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ ഉള്ളത്.




തിരുവനന്തപുരം: സംവരണത്തെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണിനെ തള്ളി കെഎസ്‌യു സംസ്ഥാന നേതൃത്വം. മാഗസിനില്‍ വന്ന കാര്‍ട്ടൂണിനെക്കുറിച്ച് യൂണിയന്‍ ഭാരവാഹികളോട് വിശദീകരണം തേടിയിട്ടുണ്ട്. രാജ്യത്ത് ജാതി സെന്‍സസ് വേണമെന്ന നിലാപാടാണ് പ്രസ്ഥാനത്തിന്. കാര്‍ട്ടൂണ്‍ മാഗസിനില്‍ നിന്നും പിന്‍വലിച്ചെന്ന് യൂണിയന്‍ അറിയിച്ചെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

കഴിഞ്ഞദിവസം പുറത്തിറക്കിയ കോളേജില്‍ മാഗസിനിലാണ് സംവരണത്തെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ ഉള്ളത്. സംവരണം മൂലം ജനറല്‍ കാറ്റഗറിക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന രീതിയിലാണ് കാര്‍ട്ടൂണ്‍. സംവരണം നിമിത്തം അവസരങ്ങള്‍ എസ്ടി, എസ്സി, ഒബിസി വിഭാഗങ്ങള്‍ക്ക് ലഭിച്ചതിന്റെ ബാക്കിയെ ജനറല്‍ വിഭാഗത്തിന് ലഭിക്കുന്നുള്ളൂ എന്നാണ് കാര്‍ട്ടുണിന്റെ ആശയം.


🔴സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരത്തിന്റെ പൂര്‍ണ്ണരൂപം-

കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ മണ്ണൂത്തി ഹോര്‍ട്ടികള്‍ച്ചര്‍ ക്യാമ്പസ് പുറത്തിറക്കിയ മാഗസിനില്‍ സംവരണത്തിന് എതിരായി ഒരു കാര്‍ട്ടൂണ്‍ ഉള്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടു.കെ.എസ്.യു സംസ്ഥാന കമ്മിറ്റി മാഗസിനില്‍ ഉള്‍പ്പെട്ട പ്രസ്തുത കാര്‍ട്ടൂണിനെ തള്ളികളയുന്നു.

രാജ്യത്ത് ജാതി സെന്‍സസ് ഉള്‍പ്പടെ നടപ്പാക്കണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന പ്രസ്ഥാനം ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. പിന്നോക്ക വിഭാഗക്കാര്‍ക്കും, സാധാരണക്കാര്‍ക്കും ആശ്രയവും പിന്തുണയും പ്രതീക്ഷയും നല്‍കിയതും ഈ പ്രസ്ഥാനം തന്നെയാണ് .

'നന്നാങ്ങാടി ' എന്ന പ്രസ്തുത മാഗസിനില്‍ എന്തുകൊണ്ട് ഇത്തരം ഒരു കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തി എന്നത് സംബന്ധിച്ച് യൂണിറ്റ് കമ്മിറ്റിയോട് വിശദീകരണം ചോദിക്കാന്‍ കാര്‍ഷിക സര്‍വകലാശാല കണ്‍വീനര്‍ അന്‍സില്‍ ജലീലിനെ ചുമതലപ്പെടുത്തിയിരുന്നു . കോളേജ് യൂണിയന്‍ പ്രസ്തുത ഉള്ളടക്കം മാഗസിനില്‍ നിന്നും പിന്‍വലിച്ചതായി അറിയിച്ചിട്ടുമുണ്ട്.
പ്രസ്തുത കാര്‍ട്ടൂണ്‍ ചൂണ്ടിക്കാട്ടി കെ.എസ്.യു പ്രസ്ഥാനത്തെ പരിഹസിക്കാന്‍ ശ്രമിക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി യോടാണ് ,തെറ്റാണെങ്കില്‍ തെറ്റ് എന്ന് ഉറക്കെ പറയാനും, അത് തിരുത്താനുമുള്ള ആര്‍ജ്ജവം കെ.എസ്.യുവിനുണ്ട്. അല്ലാതെ എല്ലാ കൊള്ളരുതായ്മകളെയും ന്യായീകരിക്കുന്ന എസ്.എഫ്.ഐ ശൈലി കെ.എസ്.യു നേതൃത്വം പിന്തുടരില്ല. കേരളത്തിലെ ക്യാമ്പസുകളില്‍ ഉടനീളമുള്ള തിരിച്ചടികളില്‍ നിന്ന് ആദ്യം നിങ്ങള്‍ പാഠം ഉള്‍കൊള്ളുക. ആദ്യം സ്വയം തിരുത്തുക, പിന്നീടാകാം വിമര്‍ശനങ്ങള്‍.



Previous Post Next Post