കോട്ടയം : കോട്ടയം പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ ബുള്ളറ്റ് റോഡിൽ മറിഞ്ഞു യുവാവ്മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും ബന്ധുക്കളും.
കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമൻ്റെ മകൻ വിഷ്ണു രാജി(30) റെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ രംഗത്ത് എത്തിയത്. പരുമലയിൽ ജോലിചെയ്യുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതിൽ ദുരൂഹതയുണ്ട് എന്നാണ് പ്രധാന ആരോപണം. ബൈക്കിൽ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെൽമെറ്റ് ധരിച്ചിരുന്നു. എന്നാൽ വിഷ്ണുവിൻറെ തലക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുറമേ മുറിവുകളൊന്നുമില്ലെങ്കിലും, തലയോട്ടി തകരുന്നതിന് കാരണമായ ക്ഷതം ഏറ്റിട്ടുണ്ട്. ഇതാണ് നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിക്കുന്നതിന്റെ പ്രധാന
കാരണം.
പുതുപ്പള്ളി ചാലുങ്കപ്പടിയിലെ വളവിലാണ് വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാൻ ഇറങ്ങിയ യാത്രക്കാരാണ് അപകട വിവരമറിഞ്ഞത്. തുടർന്ന് ഇവർ നടത്തിയ പരിശോധനയിൽ ഓടയ്ക്കുള്ളിൽ നിന്നും വിഷ്ണുരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം കോട്ടയം ഈസ്റ്റ് പൊലീസിൽ അറിയിച്ചു. പോലീസ് സംഘം സ്ഥലത്ത് എത്തി
പരിശോധന നടത്തി. വിഷ്ണുരാജിന്റെ ബുള്ളറ്റിന്റെ പിൻഭാഗത്ത് ക്രാഷ് ഗാർഡുകൾ ചളുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മറ്റേതെങ്കിലും വാഹനം ഇടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും വാഹനം ഇടിച്ചാണോ ഇയാൾ ഓടയിൽ വീണതെന്ന് പരിശോധിക്കുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.