കിളിമാനൂർ :കിളിമാനൂർ- ആലംകോട് രാജാ രവിവർമ്മ റോഡിൽ ചെമ്പരത്ത് മുക്കിന് സമീപം ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മടത്തറ,ശിവൻമുക്ക്, പാറവിളപുത്തൻവീട്ടിൽ നിസാറുദ്ദീൻ – റസീന ദമ്പതിമാരുടെ മൂത്ത മകൻ അൻസൽ (19)ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന അൻസിലിന്റെ സുഹൃത്ത് മടത്തറ, ഒഴുകുപാറ, തൻസീർ മൻസിലിൽ തൻസീർ (19)ന് ഗുരുതര പരിക്കേറ്റു.
ബുധനാഴ്ച രാവിലെ 10 മണികഴിഞ്ഞായിരുന്നു അപകടം. ഇരുവരും ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഫയർ ആന്റ് സേഫ്ടി വിഭാഗം വിദ്യാർത്ഥികളാണ്. ഇരുവരും ഐ.ടി.ഐയിൽ രാവിലെയുള്ള ക്ലാസ് കഴിഞ്ഞ് മടത്തറയിലേക്ക് പോകവേയാണ് ചെമ്പരത്തുമുക്ക് ജങ്ഷന് സമീപം രാമനെല്ലൂർകോണം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വച്ച് അപകടമുണ്ടായത്. ഇവർക്ക് മുന്നേ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഇന്റിക്കേറ്റർ തെളിച്ച് രാമനെല്ലൂർകോണം റോഡിലേക്ക് തിരിഞ്ഞ് കയറവെ, വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് പിന്നാലെ വന്ന് ഓട്ടോറിക്ഷയുടെ മുൻവശത്ത് ഇടിക്കുകയും,ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിലേ മൈൽകുറ്റിയിൽ ഇടിച്ചായിരുന്നു അപകടം. മൈൽകുറ്റിയിൽ നെഞ്ച് ഇടിച്ചുവീണ അൻസലിന്റെ കഴുത്തിലെ ഞരമ്പ്മുറിഞ്ഞ് അമിത രക്തസ്രാവമുണ്ടാകുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും സമീപത്തെ കേശവപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും അൻസിൽ മരിച്ചിരുന്നു. പരിക്കേറ്റ തൻസീറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.നഗരൂർ പോലീസ് കേസെടുത്തു .മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കി. ബുധനാഴ്ച രാത്രി എട്ടുമണിയോടെ കബറടക്കി.