ബാർകോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ബാർ കോഴയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു.മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹളം വച്ച പ്രതിപക്ഷം ബാനറുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പാരഡി പാട്ടുമായാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചത്. പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. സഭാ നടപടികളുമായി സ്പീക്കർ മുന്നോട്ടുപോയതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ചു.
ആരോപണങ്ങളിലേക്കൊന്നും എക്സൈസ് മന്ത്രി കടന്നിട്ടേയില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണങ്ങൾക്ക് ഒരു മറുപടിയും മന്ത്രി നൽകിയില്ല. യുഡിഎഫ് സർക്കാരിന്റെ മദ്യനയം ചർച്ച ചെയ്യാനല്ല പ്രതിപക്ഷം നോട്ടീസ് നൽകിയത്.കാലം കണക്കു ചോദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ അന്വേഷണത്തിൽ ഞങ്ങൾക്ക് വിശ്വാസമില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.