കോതമംഗലം: നിയമങ്ങൾ കാറ്റിൽ പറത്തി കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ, ദേവികുളം ഗ്യാപ്റോഡിലൂടെ കാറിൽ വീണ്ടും അഭ്യാസപ്രകടനവുമായി യുവാക്കൾ. കാർ ഓടിച്ചിരുന്ന പോണ്ടിച്ചേരി സ്വദേശി അരവിന്ദനെതിരേ (20) മോട്ടോർവാഹന വകുപ്പ് കേസെടുത്തു. രണ്ടാഴ്ചക്കിടയിൽ മൂന്നാംതവണയാണ് ഗ്യാപ് റോഡിൽ കാറിൽ യുവാക്കൾ അഭ്യാസം നടത്തുന്നത്. നടപടിക്കായി പോണ്ടിച്ചേരിയിലെ മോട്ടോർവാഹന അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
4 യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാറിന്‍റെ ചില്ലുകൾ താഴ്ത്തിയതിനുശേഷം ഡോറിന് മുകളിലിരുന്ന് ശരീരം പുറത്തിട്ട് അത്യന്തം അപകടകരമായ രീതിയിലായിരുന്നു യാത്ര. കാറിന്‍റെ ഇരുവശങ്ങളിലുമായി 3 യുവാക്കളാണ് ഇത്തരത്തിൽ യാത്രചെയ്തത്. എല്ലാവരും പോണ്ടിച്ചേരി സ്വദേശികളാണ്. വളവുകൾ നിറഞ്ഞ റോഡിൽ അമിതവേഗത്തിലാണ് കാറോടിച്ചിരുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്