അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളില്‍ വോട്ടിങ് യന്ത്രങ്ങള്‍ കുളത്തിലേക്ക് എറിഞ്ഞു, ബോംബേറ്



ദില്ലി: ലോക്സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പിൽ പതിനൊന്ന് മണിവരെ 26 ശതമാനം പോളിംഗ്.  പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയടക്കം 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് തുടരുന്നത്. പശ്ചിമബംഗാളിലെ വിവിധയിടങ്ങളില്‍ സംഘർഷം നടന്നു. ജയ്നഗറില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഒരു സംഘം കുളത്തിലെറിഞ്ഞപ്പോള്‍ ജാദവ്പൂരില്‍ ബോംബേറുണ്ടായി. 

ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ് അവസാന ഘട്ടമായ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ല്‍ ഇതില്‍ 30 മണ്ഡലങ്ങളിലും വിജയം നേടിയത് എൻഡിഎ ആയിരുന്നു. 19 സീറ്റുകളിലായിരുന്നു ഇന്ത്യ സഖ്യത്തിന്‍റെ വിജയം. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്.

മോദിക്ക് പത്ത് ലക്ഷം വോട്ടെന്ന ലക്ഷ്യത്തോടെ ആയിരുന്നു വാരാണസിയിലെ ബിജെപി പ്രചാരണം. വോട്ടെടുപ്പിനിടെ ഇന്ത്യ സഖ്യത്തിന്‍റെ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് ആരോപിച്ചു.  യുപിയിലെ ബലിയയില്‍ വോട്ടെടുപ്പിനിടെ ബിജെപി ബൂത്തുകളില്‍ നോട്ടീസടിച്ച് പ്രചാരണം നടത്തുവെന്ന് സമാജ്ഡവാദി പാര്‍ട്ടിയും ആരോപിച്ചു.

ഉത്തർപ്രദേശിലെ പൂര്‍വാഞ്ചല്‍ മേഖലയിലെ 13 മണ്ഡലങ്ങളിലാണ് ഏഴാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളിലെ 9 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിനിടെ ജാദവ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐഎസ്എഫ് പ്രവ‍ർത്തകർ തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കിടയിൽ ബോബേറും നടന്നു.

ജയ്നഗർ ലോക്സഭ മണ്ഡലത്തിലെ കൂല്‍തലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രവർത്തകർക്കിടയിലും സംഘർഷമുണ്ടായി. ഇതിനിടെ ഒരു സംഘം കരുതൽ എന്ന നിലയ്ക്ക് സൂക്ഷിച്ചിരുന്ന ഇവിഎം, വിവിപാറ്റ്  യന്ത്രങ്ങള്‍ കുളത്തിലെറിഞ്ഞു. 2 വിവിപാറ്റ് യന്ത്രങ്ങളും 1 കണ്‍ട്രോള്‍ യൂണിറ്റും 1 ബാലറ്റ് യൂണിറ്റുമാണ് അക്രമികള്‍  കുളത്തിലെറിഞ്ഞത്. ബിജെപി പ്രവർത്തകരാണ് പിന്നിലെന്ന് ടിഎംസി ആരോപിച്ചു.  

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നോർത്ത് 24 പർഗനായില്‍ ബിജെപി പ്രവർത്തകനെ മുപ്പതോളം ടിഎംസി പ്രവർത്തകർ വീട്ടില്‍ കയറി ആക്രമിച്ചു. പഞ്ചാബിലെ 13 മണ്ഡലങ്ങളിലും ഹിമാചല്‍പ്രദേശിലെ നാല് മണ്ഡലങ്ങളിലും ഈ ഒറ്റഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. കർഷക പ്രക്ഷോഭം വലിയ ചർച്ചയായ പഞ്ചാബില്‍ എഎപി കോണ്‍ഗ്രസ് അകാലിദള്‍ , ബിജെപി എന്നീ പാര്‍ട്ടികൾക്കിടയിൽ ചതുഷ്കോണ മത്സരമാണ് നടക്കുന്നത്. ബിഹാറിലെ എട്ട് മണ്ഡലങ്ങളാണ് അവസാനഘട്ടത്തില്‍ ജനവിധി തേടുന്നത്.
Previous Post Next Post