സിപിഎം നേതാക്കൾക്ക് ക്വട്ടേഷൻ ക്രിമിനൽ സംഘങ്ങളുമായി അവിശുദ്ധ ബന്ധം; പരാതിപ്പെട്ടതോടെ പാർട്ടിവിടേണ്ടിവന്നെന്ന് ഡിവൈഎഫ്‌ഐ നേതാവ്



കണ്ണൂർ: സിപിഎമ്മിന് ക്വട്ടേഷൻ ക്രിമിനൽ സംഘങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് ഡിവൈഎഫ്‌ഐ നേതാവ്. ഡിവൈഎഫ്‌ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസാണ് നിർണായക വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നാൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പാർട്ടിവിടാൻ തീരുമാനിച്ചത്.

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി നേതൃത്വത്തിലെ പലർക്കും ബന്ധമുണ്ട്. ഇത്തരത്തിലുള്ള ക്രിമിനൽ സംഘങ്ങളെ പാർട്ടി തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ വീണ്ടും ഇവരുമായി പാർട്ടിയിലെ പലരും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. ഇതിനോട് പൊരുത്തപ്പെട്ടാൽ മാത്രമേ രാഷ്ട്രീയത്തിൽ തുടരാൻ കഴിയുള്ളൂ എന്നതാണ് അവസ്ഥ.

എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഇക്കൂട്ടർക്ക് ഉത്തമ ബോദ്ധ്യമുണ്ട്. എന്നാൽ തിരുത്താൻ തയ്യാറാകുന്നില്ല. ഇതേക്കുറിച്ച് താൻ നേതൃത്വത്തോട് പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കാൻ പാർട്ടി തയ്യാറായില്ല. ഇതേ തുടർന്നാണ് പാർട്ടിയിലെ അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചത് എന്നും മനു വ്യക്തനമാക്കി.

വീഴ്ച സംഭവിക്കുമ്പോൾ മാത്രമാണ് ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറയുന്നത്. അല്ലാതിരിക്കുമ്പോൾ പാർട്ടി ഇവരെ കൂടെ നിർത്തുന്നു. വീഴ്ചയുണ്ടാകുന്ന സന്ദർഭങ്ങളിൽ മാത്രം തിരുത്താം എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും മനു കൂട്ടിച്ചേർത്തു. പാർട്ടി അംഗത്വം പുതുക്കാത്തതിനെ തുടർന്ന് മനുവിനെ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മറ്റിയിൽ നിന്നും പുറത്താക്കിയിരുന്നു.


Previous Post Next Post