ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതിന്റെ പേരിലുള്ള തർക്കം കൈയാങ്കളിയിലേക്ക് .കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തതായി പരാതി. ഇന്ന് വൈകീട്ടു നടന്ന യോഗത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം.ഇക്കാര്യം വ്യക്തമാക്കി സജീവൻ കുര്യച്ചിറ ഡിസിസി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നാലെ ഓഫീസിലേക്ക് എത്തിയ മുരളിയെ അനുകൂലിക്കുന്നവരും ജോസ് വള്ളൂക്കാരനെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് കൈയാങ്കളി നടന്നത്.
തന്നെ വിളിച്ചു വരുത്തി ഡിസിസി പ്രസിഡന്‍റും അദ്ദേഹത്തിന്‍റെ ഗുണ്ടകളും കൈയേറ്റം ചെയ്തതായി പറഞ്ഞ് സജീവന്‍ പൊട്ടിക്കരഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.