പൂനെ: ബസുമായുള്ള കൂട്ടിയിടിയിൽ സ്‌കൂട്ടറിൻ്റെ സ്റ്റാൻഡ് 19കാരൻ്റെ കഴുത്തിൽ തുളച്ച് കയറി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഇയാൾ ഓടിച്ചിരുന്ന സ്കൂട്ടറിൻ്റെ സ്റ്റാൻഡ് താടിയെല്ല് തകർത്താണ് കഴുത്തിൽ കയറിയത്. ചൊവ്വാഴ്ച രാത്രി വനത്തിലെ പൗഡ് റോഡിൽ വച്ചാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ കൃത്യ സമയത്തെ ഇടപെടലിലാണ് 19കാരൻ്റെ ജീവൻ രക്ഷിക്കാനായത്. അപകട സ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകൻ ഒരു മെക്കാനിക്കിൻ്റെ സഹായത്തോടെ ഇരുചക്രവാഹനത്തിൻ്റെ സ്റ്റാൻഡ് വാഹനത്തിൽ നിന്ന് മുറിച്ച് മാറ്റി യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാല് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലാണ് 19കാരൻ്റെ കഴുത്തിൽ നിന്ന് സ്റ്റാൻഡ് വിജയകരമായി പുറത്തെടുക്കാൻ സാധിച്ചത്. ബസ് തട്ടിയ സ്കൂട്ടർ സമീപത്തുണ്ടായിരുന്ന ടെമ്പോയുടെ അടിയിലേക്ക് വീണാണ് അപകടമുണ്ടായത്. സംസാരിക്കാനോ എഴുന്നേറ്റ് നിൽക്കാനോ സാധിക്കാത്ത നിലയിലാണ് 19കാരനുണ്ടായിരുന്നത്. നാവിലേക്കുള്ള രക്തക്കുഴലിനും സ്വരനാളിക്ക് അടക്കം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴുത്തിലെ എല്ലുകളും ഒടിഞ്ഞിരുന്നു. പൂനെയിലെ സഹ്യാദ്രി ആശുപത്രിയിൽ വച്ചാണ് വിദഗ്ധരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടന്നത്. രക്തം ചുമക്കുന്ന അവസ്ഥയിലായിരുന്ന 19കാരൻ ആശുപത്രിയിലെത്തുമ്പോഴും ബോധം നഷ്ടപ്പെട്ടിരുന്നില്ല. സ്കൂട്ടറിൻ്റെ സ്റ്റാൻഡ് ആറിഞ്ചോളമാണ് യുവാവിൻ്റെ കഴുത്തിലേക്ക് കയറിയത്. ശ്വാസനാളികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ് 19കാരൻ നിലവിലുള്ളത്.
റോഡ് അപകടം; 19കാരൻ്റെ കഴുത്തിൽ തുളച്ച് കയറിയ സ്‌കൂട്ടറിൻ്റെ സ്റ്റാൻഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Jowan Madhumala
0
Tags
Top Stories