'നായിഡുവിന് 20 മിനിറ്റ്, എനിക്ക് അഞ്ച്; ഇത് അപമാനം'; നീതി ആയോഗ് യോഗത്തില്‍ നിന്നിറങ്ങി മമത





ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച നീതി ആയോഗ് യോഗത്തില്‍നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ ഏക പ്രതിനിധിയായിരുന്നിട്ടും തനിക്കു സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് മമതയുടെ നടപടി.

അഞ്ചു മിനിറ്റു സംസാരിച്ചപ്പോഴേക്കും തന്റെ മൈക്രോഫോണ്‍ ഓഫ് ചെയ്തതായി മമത ആരോപിച്ചു. മറ്റു മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയതായും അവര്‍ പറഞ്ഞു.

''ഇത് അപമാനകരമാണ്. ഇനി ഒരു യോഗത്തിലും ഞാന്‍ പങ്കെടുക്കില്ല.''- മമത പറഞ്ഞു.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു 20 മിനിറ്റാണ് സംസാരിച്ചത്. അസം, ഗോവ, ഛത്തിസ്ഗഢ് മുഖ്യമന്ത്രിമാരും 10-12 മിനിറ്റ് സംസാരിച്ചു. അഞ്ചു മിനിറ്റ് ആയപ്പോഴേക്കും എന്റെ മൈക്ക് തടസ്സപ്പെടുത്തുകയായിരുന്നു- മമത പറഞ്ഞു.

പ്രതിനിധിയാണ് താന്‍. സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നതു കൊണ്ടു മാത്രമാണ് താന്‍ യോഗത്തിനെത്തിയതെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

മമതയുടെ പ്രസംഗം തടസ്സപ്പെടുത്തിയെന്ന വാദം ശരിയല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. മമതയ്ക്കു സംസാരിക്കാനുള്ള സമയം കഴിഞ്ഞിരുന്നെന്ന് അവര്‍ പറഞ്ഞു. അക്ഷരമാലാ ക്രമത്തില്‍ ഉച്ചയ്ക്കു ശേഷമായിരുന്നു മമത സംസാരിക്കേണ്ടിയിരുന്നത്. കൊല്‍ക്കത്തയിലേക്കു തിരിച്ചു പോവേണ്ടതുണ്ടെന്ന, ബംഗാള്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച്  നേരത്തെ അവസരം നല്‍കുകയായിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.

ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്ന പാര്‍ട്ടികളില്‍നിന്നുള്ള മുഖ്യമന്ത്രിമാര്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നില്ല. കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം.

എന്‍ഡിഎ സഖ്യകക്ഷി ജെഡിയുവിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും യോഗത്തിന് എത്തിയില്ല. എന്തുകൊണ്ടാണ് നിതീഷ് പങ്കെടുക്കാതിരുന്നെന്നു വ്യക്തമല്ല. മുന്‍പും നിതീഷ് യോഗത്തില്‍ പങ്കെടുക്കാതിരുന്നിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി പകരമെത്തിയിട്ടുണ്ടെന്നും ജെഡിയു അറിയിച്ചു.
Previous Post Next Post