ജൂണ്‍ 25 ഭരണഘടനാ ഹത്യാദിനം; അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി കേന്ദ്രത്തിന്റെ പ്രഖ്യാപനം, എതിര്‍ത്ത് കോണ്‍ഗ്രസ്




ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടല്‍ തുടരുമെന്ന വ്യക്തമായ സന്ദേശം നല്‍കി, രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ജൂണ്‍ 25 ഇനി മുതല്‍ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ ധീരമായി പോരാടിയവര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനാണ് ഈ ദിവസം ഭരണഘടന ഹത്യാദിനമായി ആചരിക്കുന്നതെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവച്ചു. അതേസമയം തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

'ജൂണ്‍ 25 ഭരണഘടനാ ഹത്യാദിനമായി ആചരിക്കുന്നത് വഴി ഇന്ത്യന്‍ ഭരണഘടന ചവിട്ടി മെതിക്കപ്പെട്ടപ്പോള്‍ എന്ത് സംഭവിച്ചു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി മാറും. ഇന്ത്യന്‍ ചരിത്രത്തിന്റെ ഇരുണ്ട ഘട്ടമായ, കോണ്‍ഗ്രസ് അഴിച്ചുവിട്ട അടിയന്തരാവസ്ഥ മൂലം ദുരിതമനുഭവിക്കേണ്ടി വന്ന ഓരോ വ്യക്തിക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ദിനം കൂടിയാണിത്.'- മോദി എക്‌സില്‍ കുറിച്ചു.
Previous Post Next Post