സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ


കൊച്ചി : കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. പവൻ വില 760 രൂപയിലേക്കാണ് താഴ്ന്നത്. 51,200 രൂപയാണ് ഒരു പവൻറെ ഇന്നത്തെ വില. ഗ്രാമിന് 95 രൂപ കുറഞ്ഞ് 6,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,960 രൂപയുടെ കുറവ് വിപണിയിൽ രേഖപ്പെടുത്തി.

ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,200 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു. ഇന്ന് 760 രൂപ താഴ്ന്ന് 51,200ൽ എത്തി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു.

ബജറ്റിൽ സ്വർണത്തിൻറെയും വെള്ളിയുടെയും പ്ലാറ്റിനത്തിൻറെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിൻറെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Previous Post Next Post