രാജ്യത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ഹോട്ട്സ്പോട്ടുകൾ; ഇതിൽ 10 എണ്ണവും കേരളത്തിൽ






ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനവും ലോലമായ പരിസ്ഥിതിയും വനനശീകരണവുമാണ് കേരളത്തിലെ ഉരുൾപൊട്ടലുകൾക്ക് കാരണമെന്നു പഠനം. ഇസ്രൊയുടെ നാഷണൽ റിമോട്ട് സെൻസിങ് സെന്‍റർ കഴിഞ്ഞ വർഷം പുറത്തിറക്കിയ ഉരുൾപൊട്ടൽ ഭൂപടത്തിൽ രാജ്യത്തെ 30 ദുരന്തസാധ്യതാ മേഖലകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ പത്തും കേരളത്തിലാണ്. പശ്ചിമ ഘട്ടത്തിലെ, പ്രത്യേകിച്ച് കൊങ്കൺ മേഖലയിലെ 90000 ചതുരശ്ര കിലോമീറ്റർ ഭാഗം ശക്തമായ മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഏതുസമയത്തുമുണ്ടാകാവുന്ന മേഖലയാണെന്ന് ഇസ്രൊ മുന്നറിയിപ്പു നൽകുന്നു. ഉയർന്ന ജനസാന്ദ്രതയും വീടുകളുടെ എണ്ണവും മൂലം പശ്ചിമ ഘട്ടത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ, താമസക്കാരുടെ സുരക്ഷ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇടുക്കി, എറണാകുളം, കോട്ടയം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പശ്ചിമ ഘട്ടമേഖലകളിൽ ഉരുൾപൊട്ടൽ ഹോട്ട്സ്പോട്ടുകളുണ്ടെന്ന് 2021ൽ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലുണ്ടാകുന്ന ഉരുൾപൊട്ടലുകളിൽ 59 ശതമാനം കൃഷിഭൂമിയിലാണ്. 1950നും 2018നും ഇടയിൽ വയനാട്ടിലെ വനഭൂമിയിൽ 62 ശതമാനം ഇല്ലാതായപ്പോൾ കൃഷിഭൂമിയിൽ 1800 ശതമാനത്തിന്‍റെ വർധനയുണ്ടായി. 1950കൾ വരെ വയനാടിന്‍റെ 85 ശതമാനവും വനമായിരുന്നു. ഇന്ന് വനവിസ്തൃതി കുറഞ്ഞു. ലോകത്തിലാകെ ഉരുൾപൊട്ടൽ മേഖലകളിലെ ഹോട്ട്സ്പോട്ടുകളിൽ എട്ടിലൊന്നും പശ്ചിമ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ചു വിശദമായി പഠിച്ചു റിപ്പോർട്ട് തയാറാക്കിയ മാധവ് ഗാഡ്ഗിലും ഉരുൾപൊട്ടലുകളെക്കുറിച്ചും പ്രകൃതി ദുരന്തസാധ്യതയെക്കുറിച്ചും മുന്നറിയിപ്പു നൽകിയിരുന്നു. പശ്ചിമ ഘട്ട മേഖലയാകെ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്നായിരുന്നു 2011ൽ ഗാഡ്ഗിൽ കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ടിലെ ശുപാർശ. പരിസ്ഥിതി ലോലം, ദുർബലം എന്നിങ്ങനെ അപകടസാധ്യതയുടെ അടിസ്ഥാനത്തിൽ പശ്ചിമ ഘട്ടത്തെ അടയാളപ്പെടുത്തണമെന്നും ഇതുപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.
പരിസ്ഥിതി ലോല മേഖലയിലെ ഒന്നാം വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ ഖനനം പാടില്ല, പുതിയ താപനിലയങ്ങളോ ജലവൈദ്യുത പദ്ധതികളോ തുടങ്ങരുത്, കാറ്റാടി വൈദ്യുതി പദ്ധതി പാടില്ല തുടങ്ങിയവയായിരുന്നു പ്രധാന ശുപാർശ. സംസ്ഥാന സർക്കാരുകളുടെയും വ്യവസായ മേഖലയുടെയും പശ്ചിമ ഘട്ടത്തിലെ താമസക്കാരുടെയും എതിർപ്പുമൂലം 14 വർഷം പിന്നിടുമ്പോവും റിപ്പോർട്ട് നടപ്പാക്കാനായിട്ടില്ല.


Previous Post Next Post