സെൻ നദീതീരത്ത് വിസ്മയ കാഴ്ചകളുമായി പാരിസ് ഒളിംപിക്സിന് അതിഗംഭീര തുടക്കം




പാരീസ്: അതിവേഗ റെയിൽ ഗതാഗതം താറുമാറാക്കിയ അട്ടിമറി ഭീഷണി ആശങ്കയുയർത്തിയെങ്കിലും ആധുനിക ഒളിമ്പിക്സിന്റെ 33-ാം പതിപ്പിന് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ അതിഗംഭീര തുടക്കം. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11 മണിയോടെയാണ് ഉദ്ഘാടാന ചടങ്ങുകൾ ആരംഭിച്ചത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് ഓളപ്പരപ്പും വേദിയായി. പാരീസിലെ സെൻ നദിയിലൂടെ താരങ്ങളുടെ മാർച്ച് പാസ്റ്റ് ചരിത്രമായി.

10,500 അത്‌ലറ്റുകൾ 94ഓളം ബോട്ടുകളിലായി സെൻ നദിയുടെ കിഴക്ക് ഭാഗമായ ഓസ്ട്രലിറ്റ്‌സ് പാലത്തിന് സമീപത്ത് നിന്ന് ആറ് കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ട്രാക്കൊ ദെറോയിൽ അവസാനിച്ച മാർച്ച് പാസ്റ്റ് നവ്യാനുഭവമായിരുന്നു. ഒളിമ്പിക്സിന്റെ ജന്മനാടായ ഗ്രീസാണ് മാർച്ച് പാസ്റ്റിൽ ആദ്യം അണിനിരന്നത്. പിന്നാലെ അഭയാർത്ഥികളുടെ സംഘമെത്തി. 84-ാംമതായിരുന്നു ഇന്ത്യൻ സംഘമെത്തിയത്. 

ഈഫൽ ഗോപുരത്തിന് മുന്നിലെ ട്രാക്കൊദെറൊ മൈതാനത്ത് അരങ്ങേറിയ വർണാഭമായ ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇന്റ‌ർനാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബക്ക് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അണിനിരന്നു. മൂന്ന് മണിക്കൂറോളം നീണ്ട കലാപരിപാടികളിൽ പ്രമുഖ ഗായകരായ സെലിൻ ഡിയോൺ, ലേഡി ഗാഗ, അയനകാമുറ തുടങ്ങിയവർ അണിനിരന്നു.
Previous Post Next Post