തെറ്റുകൾക്ക് മാപ്പ് ചോദിച്ചു തിരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഋഷി സുനക്



ലണ്ടൻ: തൻ്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകൾക്ക് മാപ്പ് ചോദിച്ചു തിരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൗണിംഗ് സ്ട്രീറ്റിലെ അവസാന പ്രസംഗം പൂർത്തിയാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ഋഷി സുനക്. പ്രധാനമന്ത്രി എന്ന നിലയിൽ ചാൾസ് മൂന്നാമൻ രാജാവുമായുള്ള അവസാന കൂടിക്കാഴ്ച്ചയ്ക്കു മുൻപായിരുന്നു ഡൗണിങ് സ്ട്രീറ്റിലെ പ്രസംഗം. ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം എത്തിയ ഋഷി സുനക്, നാല് മിനിറ്റിൽ തൻ്റെ പ്രസംഗം അവസാനിപ്പിച്ചാണ് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പോയത്.

പരാജയങ്ങൾ ഏറ്റു പറയുമ്പോഴും, തൻ്റെ ഭരണ കാലഘട്ടത്തിൽ രാജ്യത്തിനുണ്ടായ സാമ്പത്തിക നേട്ടങ്ങളെപ്പറ്റിയും ഋഷി സുനക് എടുത്തു പറഞ്ഞു. ''പണപ്പെരുപ്പം കുറഞ്ഞതും സാമ്പത്തിക വളർച്ച തിരിച്ചെത്തിയതും ഞാൻ പ്രധാനമന്ത്രിയായിരുന്ന രണ്ട് വർഷത്തിനുള്ളിലാണ്. ബ്രിട്ടൻ ഈ ലോകത്ത് അതിൻ്റെ സാമ്പത്തിക പ്രാധാന്യം തിരിച്ചുപിടിച്ചു. ഈ രാജ്യം 20 മാസം മുൻപുള്ളതിനേക്കാൾ സുരക്ഷിതമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്.'' - ഋഷി സുനക് പറഞ്ഞു.

പ്രതീക്ഷിച്ചതിലും നേരത്തെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ചിലർ തന്നെ വിമർശിച്ചിരുന്നുവെന്നും ഋഷി സുനക് തുറന്നു സമ്മതിച്ചു. താൻ ബഹുമാനിക്കുന്ന മാന്യനായ മനുഷ്യനാണ് കെയർ സ്റ്റാർമറെന്നും അദ്ദേഹം പ്രശംസിച്ചു. ഹിന്ദുമത വിശ്വാസിയായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിൽ അഭിമാനമുണ്ടെന്ന് സുനക്, തൻ്റെ രണ്ട് പെൺമക്കൾ ഡൗണിംഗ് സ്ട്രീറ്റിലെ പടികളിൽ ദീപാവലി വിളക്കുകൾ കത്തിക്കുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.
Previous Post Next Post