ഒളിംപിക്‌സ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍, പാരിസ് അതിവേഗ റെയില്‍ ശൃംഖലയില്‍ അട്ടിമറി ശ്രമം




പാരിസ്: ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലയില്‍ അട്ടിമറി ശ്രമം. അറ്റ്‌ലാന്റിക്, നോര്‍ഡ്, എസ്റ്റ് എന്നീ അതിവേഗ ലൈനുകളില്‍ ട്രാക്കുകള്‍ക്ക് സമീപം മൂന്നിടത്ത് തീപിടിത്തമുണ്ടായി. ഇതിനു പിന്നില്‍ ക്രിമിനലുകളാണെന്നും അട്ടിമറി ശ്രമമാണെന്നു വ്യക്തമാണെന്നും അധികൃതര്‍ പറഞ്ഞു. തീ കണ്ടതിനെത്തുടര്‍ന്ന് റെയില്‍ ഗതാഗതം സ്തംഭിച്ചു. മോണ്ട്പാര്‍നാസെ സ്റ്റേഷനില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി.

ലണ്ടനിലേക്കും ബെല്‍ജിയത്തിലേക്കും ഫ്രാന്‍സിന്റെ വടക്ക്, കിഴക്ക് മേഖലകളിലേക്കുമുള്ള റെയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. യാത്രകള്‍ നീട്ടിവെക്കാന്‍ റെയില്‍വെ അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. സംഭവത്തില്‍ ഗതാഗത മന്ത്രി അപലപിച്ചു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒളിംപിക്‌സിനെതിരെയുള്ള ഇത്തരം നീക്കങ്ങള്‍ രാജ്യത്തിനെതിരെയുള്ള പ്രവര്‍ത്തനമാണെന്ന് കായിക മന്ത്രി അമേലി ഔഡിയ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിനായി നിരവധിപ്പേര്‍ എത്തേണ്ടതാണ്. ഇവരുടെ യാത്രകളും മുടങ്ങി. ഗതാഗതം പൂര്‍ണമായും എപ്പോള്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നതില്‍ ഇനിയും വ്യക്തതയില്ല. യാത്ര മാറ്റിവെക്കാനും ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യാന്‍ കഴിയുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഗതാഗതം താറുമായത് 2,50,000 യാത്രക്കാരെയാണ് ബാധിക്കുക.
Previous Post Next Post