കനത്ത മഴ: മുംബൈയിൽ വെള്ളപ്പൊക്കം, വിമാന സർവീസുകളെയും ബാധിച്ചു



മുംബൈ: മുംബൈ നഗരത്തിൽ കനത്ത മഴ. വിമാന സർവീസുകൾ അടക്കം യാത്രാ മാർഗങ്ങൾ തടസപ്പെട്ടു. നഗര മേഖലയിലടക്കം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. സിയോൺ, ചെമ്പൂർ, അന്ധേരി എന്നീ മേഖലകളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ എട്ടര വരെ മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ അതിതീവ്ര മഴ പ്രതീക്ഷിക്കാം.

വിമാനങ്ങളുടെ സമയത്തിൽ കാര്യമായ മാറ്റം വരുമെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും അറിയിച്ചു. വിമാനം റദ്ദായാൽ മുഴുവൻ പണവും തിരിച്ചുകൊടുക്കുകയോ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിക്കൊടുക്കുകയോ ചെയ്യാമെന്ന് ഇൻഡിഗോ.
അന്ധേരി സബ്‌വേ വഴിയുള്ള യാത്ര വെള്ളക്കെട്ട് കാരണം പൂർണമായി നിരോധിച്ചു. മോദക്-സാഗർ തടാകവും വിഹാർ തടാകവും കരകവിഞ്ഞൊഴുകുന്നു. ഇതുകാരണം നഗരത്തിലെ ശുദ്ധജല വിതരണത്തിലും തടസം നേരിടും.

മുംബൈ നഗരം കൂടാതെ, താനെ, പൂനെ തുടങ്ങിയ മേഖലയും കടുത്ത മഴക്കെടുതിയാണ് അഭിമുഖീകരിക്കുന്നത്.


Previous Post Next Post