പൊലീസുകാരന് പരിക്കേറ്റ സംഭവം; എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു,എം വിന്‍സന്റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.







തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസുകാരന് പരിക്കേറ്റ സംഭവത്തില്‍ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു. എം വിന്‍സന്റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയുന്ന യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. പൊലീസുകാരനെ കല്ലെറിഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

കാര്യവട്ടം കാമ്പസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസിന്റെ സംരക്ഷണത്തില്‍ എംഎല്‍എമാരെ ആക്രമിച്ചു. എന്നിട്ടും പ്രതികളെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. പൊലീസ് പ്രതികള്‍ക്കൊപ്പമെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പരിക്കേറ്റ് ചികിത്സയിലായിരുന്ന തങ്ങളുടെ പ്രവര്‍ത്തകരെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജില്‍ കയറി ആക്രമിച്ചെന്ന് കെഎസ്യു ആരോപിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ എസ്എഫ്‌ഐ - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചു എന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിലും എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ എം വിന്‍സന്റ് എം എല്‍ എ യെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനും പൊലീസുകാരനും പരിക്കേറ്റു.
ഇന്നലെ രാത്രി എട്ടുമണിയോടെ കാര്യവട്ടം ക്യാംപസിലാണ് സംഘര്‍ഷം തുടങ്ങിയത്. ക്യാംപസിലെ വിദ്യാര്‍ഥിയും കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാന്‍ജോസിനെ ഇടിമുറിയില്‍ പൂട്ടിയിട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. മര്‍ദിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇവിടേയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് പോര്‍വിളിയിലേക്ക് നീങ്ങി.


Previous Post Next Post