'ഇസ്ലാമിക നിയമത്തിന് വിരുദ്ധം'; ജീവനാംശ വിധിയെ വിമര്‍ശിച്ച് മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്




ന്യൂഡല്‍ഹി: വിവാഹമോചിതരായ മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അവകാശമുന്നയിക്കാമെന്ന സുപ്രീംകോടതി വിധി ഇസ്‌ലാമിക നിയമത്തിന് എതിരാണെന്ന് ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്. ഇതിനെതിരെ നിയമപരമായ നടപടിക്രമങ്ങളിലേക്ക് നീങ്ങുന്നതിനായി ആലോചിക്കുന്നുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.

മുസ്ലിം സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച സുപ്രീംകോടതി വിധി ചര്‍ച്ച ചെയ്യാന്‍ എഐഎംപിഎല്‍ബി വര്‍ക്കിങ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.

'ശരിയ' നിയമ പ്രകാരം നിലവിലെ വിധി തെറ്റാണെന്നുള്ള പ്രമേയം യോഗം അംഗീകരിച്ചു. ഖുര്‍ ആന്‍ പറയുന്നത് പ്രകാരം വിവാഹ മോചനം തെറ്റാണ്. എങ്കിലും ചില സാഹചര്യങ്ങളില്‍ ദാമ്പത്യ ജീവിതം നിലനിര്‍ത്താന്‍ പ്രയാസമുണ്ടെങ്കില്‍ അതിന് പരിഹാരമായാണ് വിവാഹ മോചനം അനുവദിക്കുന്നത്. വേദനാജനകമായ ബന്ധത്തില്‍ നിന്ന് പുറത്തുകടന്ന സ്ത്രീകള്‍ക്ക് ഈ വിധി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോര്‍ഡ് നിരീക്ഷിച്ചു.

സുപ്രീംകോടതിയുടെ ഈ തീരുമാനം പിന്‍വലിക്കുന്നതിനായി നിയമപരവും ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ നടപടികളും ആരംഭിക്കാന്‍ എഐഎംപിഎല്‍ബി പ്രസിഡന്റ് ഖാലിദ് സൈഫുള്ള റഹ്മാനിയെ യോഗം ചുമതലപ്പെടുത്തി.

Previous Post Next Post