പണയം വെക്കാൻ കൊണ്ടുവരുന്ന സ്വര്‍ണത്തിലെ കണ്ണികളും മുത്തുകളും മുറിച്ചെടുക്കും : ബാങ്കിലെ അപ്രൈസര്‍ പിടിയില്‍




ചെങ്ങന്നൂർ: പണയം വെക്കാൻ കൊണ്ടുവരുന്ന സ്വർണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസർ പിടിയില്‍.
ചെങ്ങന്നൂർ കീഴ്ച്ചേരി മേൽ കാർത്തിക നിവാസിൽ  മധുകുമാർ (52) ആണ് പൊലീസ് കസ്റ്റഡിയില്‍ ആയത്. ചെങ്ങന്നൂർ മുളക്കുഴ കാനറ ബാങ്കിലാണ് തട്ടിപ്പ് നടന്നത്. പണയ ഉരുപ്പടികൾ തിരികെ എടുക്കാനെത്തിയ പലർക്കും ഇവയുടെ തൂക്കം കുറഞ്ഞതായി തോന്നി. തുടർന്ന് ഇന്നലെ ഇടപാടുകാർ കൂട്ടമായി ബാങ്കിൽ എത്തി പ്രതിഷേധിച്ചു.

ബാങ്കില്‍ പണയം വെച്ച സ്വർണാഭരണങ്ങളുടെ ഭാഗങ്ങള്‍ മുറിച്ചു കവർന്നതായാണ് പരാതി. മാലയുടെ കണ്ണികള്‍, കൊളുത്തുകള്‍, കമ്മലിന്റെ സ്വർണമുത്തുകള്‍ തുടങ്ങിയവയാണ് കവർന്നിരുന്നത്.  സംഭവത്തില്‍ നിരവധി പേർ പരാതിയുമായി എത്തിയതോടെ ബാങ്ക് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

പണയം വയ്ക്കുന്നതിനായി കൊണ്ടുവരുന്ന സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ സ്വര്‍ണ്ണ ഉരുപ്പടികളുടെ ഭാഗം മുറിച്ചുമാറ്റി അതിനുശേഷം ഉള്ള തൂക്കമാണ് ബാങ്കിന്റെ രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബാങ്കില്‍ ഇരുന്നൂറിലധികം പേരുടെ ഉരുപ്പടികളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് നിഗമനം. മധുകുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

Previous Post Next Post