ഗവേഷക വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; ജാമിയ മിലിയ സർവ്വകലാശാല അദ്ധ്യാപകന് സസ്‌പെൻഷൻ





ന്യൂഡൽഹി: വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ജാമിയ മിലിയ സർവ്വകലാശാല പ്രൊഫസർക്ക് സസ്‌പെൻഷൻ. നാല് ഗവേഷക വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെതിരെ സർവ്വകലാശാല നടപടി സ്വീകരിച്ചത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണവും സർവ്വകലാശാല പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 9, 13 തിയതികളിലാണ് സർവ്വകലാശാല അധികൃതർക്ക് അദ്ധ്യാപകനെതിരെ പരാതി ലഭിക്കുന്നത്. എന്നാൽ ഇത് ഗൗരവത്തോടെ പരിഗണിക്കാതിരുന്ന സർവ്വകലാശാല അദ്ധ്യാപകനെ താക്കീത് മാത്രം ചെയ്ത് പറഞ്ഞയക്കുകയായിരുന്നു. എന്നാൽ ഇയാൾ അതിക്രമം തുടർന്നതോടെ ജൂലൈ 7 നും 8 നും വിദ്യാർത്ഥിനികൾ ചേർന്ന് പരാതി നൽകി. ഇതോടെയായിരുന്നു സർവ്വകലാശാല നടപടി സ്വീകരിച്ചത്.

പഠനവുമായി അദ്ധ്യാപകൻ സഹകരിക്കുന്നില്ലെന്നും മോശം വാക്കുകൾ ഉപയോഗിക്കുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അദ്ധ്യാപകന്റെ നിരന്തര പീഡനത്തെ തുടർന്ന് ഒരു വിദ്യാർത്ഥിനി പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായി എന്നും പരാതിയിൽ പറയുന്നു. പരാതിയിലെ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ സർവ്വകലാശാല പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. ഇതിൽ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. ഇതോടെ ആഭ്യന്തര പരാതി പരിഹാര സമിതിയോട് വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് സർവ്വകലാശാല ഉത്തരവിറക്കിയത്.

Previous Post Next Post