വാട്സ്ആപ്പ് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള പദ്ധതികളൊന്നും സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി



കോണ്‍ഗ്രസ് അംഗം വിവേക് തന്‍ഖ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള രേഖാമൂലമുള്ള മറുപടിയിലാണ്് ഇക്കാര്യം അറിയിച്ചത്. 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉപയോക്തൃ വിവരങ്ങള്‍ പങ്കിടാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ മൂലം ഇന്ത്യയിലെ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ വാട്ട്സ്ആപ്പ് പദ്ധതിയിടുകയാണോ എന്നായിരുന്നു തന്‍ഖ ചോദിച്ചത്.

ഇന്ത്യയുടെ പരമാധികാരം, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം എന്നിവയെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഭേദഗതി ചെയ്ത ഐടി നിയമങ്ങള്‍ സ്വകാര്യത ലംഘിക്കുന്നതായും ഇങ്ങനെയെങ്കില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും വാട്ട്സ്ആപ്പ് ഈ വര്‍ഷം ആദ്യം ഡല്‍ഹി ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. സന്ദേശത്തിന്റെ ഉള്ളടക്കം അയയ്‌ക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ ലഭ്യമാകൂ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്നുവെന്ന് വാട്സ്ആപ്പ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്‌റെ തുടര്‍ച്ചയെന്ന നിലയ്‌ക്കാണ് കോണ്‍ഗ്രസ് അംഗം ചോദ്യം ഉന്നയിച്ചതെന്ന് കരുതുന്നു.
Previous Post Next Post