ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു: രണ്ടാഴ്ചയ്ക്കിടെ എട്ടാമത്തെ സംഭവം


പാട്‌ന: ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നുവീണു. രണ്ട് ആഴ്ചയ്ക്കിടെ എട്ടാമത്തെ സംഭവമാണിത്. ശരണ്‍ ജില്ലയില്‍ ധമാഹി പുഴയ്ക്കു കുറുകെ നിര്‍മിച്ച പാലമാണു ജനങ്ങള്‍ നോക്കിനില്‍ക്കെ നിലംപതിച്ചത്.

ശരണിലെ ദോധ് ആസ്ഥാന്‍ ക്ഷേത്ര പരിസരത്തുള്ള പാലമാണ് അപകടത്തില്‍പെട്ടിരിക്കുന്നത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2004ല്‍ നിര്‍മിച്ച പാലമാണിതെന്നാണു വിവരം. ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച പാലം തൊട്ടടുത്തുതന്നെ കാര്യമായ കേടുപാടുകളില്ലാതെ സ്ഥിതി ചെയ്യുന്നുണ്ട്. കനത്ത മഴയില്‍ പുഴയില്‍ നീരൊഴുക്ക് ശക്തമായിരുന്നു. ഇതില്‍ പാലത്തിന്റെ തൂണ്‍ ഇടിഞ്ഞത്. പിന്നാലെ പാലം ഒന്നാകെ തകര്‍ന്നുവീഴുകയായിരുന്നു.
പാലം തകര്‍ന്ന സംഭവത്തില്‍ ശരണ്‍ ജില്ലാ മജിസ്‌ട്രേറ്റ് അമന്‍ സമീര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സബ് ഡിവിഷനല്‍ ഓഫിസറും ഫള്ഡ് മാനേജ്‌മെന്റ് വകുപ്പില്‍നിന്നുള്ള ഒരു എന്‍ജിനീയറും ഉള്‍പ്പെട്ട രണ്ടംഗ സംഘമാണ് 24 മണിക്കൂറിനിടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ പാലങ്ങള്‍ തകര്‍ന്നുവീഴുന്നത്. മധുബാനി, അറാറിയ, ഈസ്റ്റ് ചംപാരന്‍, കിഷന്‍ഗഞ്ച് എന്നിവിടങ്ങളിലാണു പുതിയ പാലം അപകടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവം ബിഹിറില്‍ വലിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. ഇതിനടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.
Previous Post Next Post