ഇന്ത്യന്‍ വംശജ യുഎസ് പ്രസിഡന്റാകുമോ? ബൈഡനേക്കാള്‍ നല്ലത് കമല ഹാരിസെന്ന് സര്‍വേ റിപ്പോര്‍ട്ട്



വാഷിങ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാവാന്‍ ജോ ബൈഡനേക്കാള്‍ നല്ലത് നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസെന്ന് സര്‍വേ റിപ്പോര്‍ട്ട്. സി.എന്‍.എന്നാണ് ഇതുസംബന്ധിച്ച് സര്‍വേ നടത്തിയത്. ബൈഡന്‍ സ്ഥാനാര്‍ഥിയായി തുടരുന്നതില്‍ ഡെമോക്രാറ്റുകളില്‍ക്കിടയിലും എതിര്‍പ്പുകള്‍ ഉയരുന്നതിനിടെയാണ് പുതിയ സര്‍വേ എന്നതും ശ്രദ്ധേയമാണ്.ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡന്റെ ജനപ്രീതി വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇത് ബൈഡന്‍ അനുകൂലികളെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ മത്സര രംഗത്തു നിന്നും സ്വമേധയാ പിന്‍മാറാന്‍ ബൈഡന്‍ ഒരുക്കമല്ല. ഈ സാഹചര്യത്തിലാണ് നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേരും ഉയര്‍ന്നു വരുന്നത്. തമിഴ്‌നാട്ടില്‍ വേരുകളുള്ള വ്യക്തിയാണ് കമല.
സി.എന്‍.എന്നിന്റെ സര്‍വേ പ്രകാരം ട്രംപുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ ആറ് പോയിന്റ് പിന്നിലാണ്. അതേസമയം, കമല ഹാരിസും ട്രംപും തമ്മിലുള്ള താരതമ്യത്തില്‍ വോട്ടര്‍മാരുടെ പിന്തുണയില്‍ ഇരുവര്‍ക്കുമിടയില്‍ നേരിയ വ്യത്യാസം മാത്രമേ ഉള്ളു. 47 ശതമാനം പേര്‍ ട്രംപിനെ പിന്തുണക്കുമ്പോള്‍ 45 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനുമുണ്ട്.സ്ത്രീവോട്ടര്‍മാരില്‍ 50 ശതമാനം പേരുടെ പിന്തുണ കമലഹാരിസിനുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥിയായി ബൈഡനെത്തുകയാണെങ്കില്‍ ഡെമോക്രാറ്റുകള്‍ക്ക് കിട്ടുന്ന സ്ത്രീവോട്ടര്‍മാരുടെ പിന്തുണ 44 ശതമാനമായി ചുരുങ്ങും. നേരത്തെ ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിന്നും പിന്മാറണമെന്ന് ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്നിരുന്നു. സാധാരണ ഗതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള സംവാദത്തിനു ശേഷം, ആരാണ് മികവ് പുലര്‍ത്തിയതെന്ന എപ്പോഴും ചര്‍ച്ചയാവാറുണ്ട്.

എന്നാല്‍ ഇത്തവണ നടന്ന സംഭവങ്ങള്‍ പലതും അസാധാരണമായി. ജോ ബൈഡന്റെ പ്രകടനത്തെ ചൊല്ലി സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ക്കിടയില്‍ തന്നെ പൊട്ടിത്തെറിയുണ്ടായി. പലയിടത്തും ബൈഡന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നെന്നും ദയനീയമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും വിമര്‍ശനമുയര്‍ന്നു. പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ ബൈഡന് കഴിഞ്ഞിരുന്നില്ല. പലയിടത്തും വാക്കുകള്‍ നഷ്ടപ്പെട്ടതും ബൈഡന്റെ പ്രായാധിക്യം കാരണമാണെന്ന് വിലയിരുത്തപ്പെട്ടു.90 മിനിറ്റ് നീണ്ടുനിന്ന സംവാദം, നാലര കോടിയോളം പേര്‍ ടെലിവിഷനിലൂടെ കണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.നവംബര്‍ അഞ്ചിനാണ് യു.എസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അതിനിടെ ട്രംപിന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ പരിരക്ഷയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് വളരെ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഇതാദ്യമാണ് ട്രംപിന് മുന്‍ പ്രസിഡന്റെന്ന നിലയില്‍ ഏതെങ്കിലും തരത്തിലുളള പരിരക്ഷയുണ്ടെന്ന് കോടതി വ്യക്തമാക്കുന്നത്.

പ്രസിഡന്റ് എന്ന പദവിയില്‍ അദ്ദേഹം ചെയ്ത കാര്യങ്ങളില്‍ മാത്രമാണു നിയമപരിരക്ഷ. വ്യക്തിപരമായ പ്രവൃത്തികളില്‍ ബാധകമല്ല. 2020 ലെ തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റാരോപണത്തില്‍ തനിക്ക് പരിരക്ഷയുണ്ടെന്ന് അവകാശപ്പെട്ട ട്രംപിനെതിരെയുണ്ടായ കീഴ്‌ക്കോടതി വിധി തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്.
അതേസമയം ട്രംപിന് നിയമപരിരക്ഷയുണ്ടെന്ന സുപ്രീംകോടതി ഉത്തരവ് അപകടകരമായ കീഴ്വഴക്കമാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചിരുന്നു. വിധി നിയമവാഴ്ചയെ തുരങ്കംവെക്കുന്നതും അമേരിക്കക്കാര്‍ക്ക് ദ്രോഹകരവുമാണെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കയില്‍ രാജാക്കന്മാരില്ല എന്ന തത്ത്വത്തിലാണ് ഈ രാഷ്ട്രം സ്ഥാപിതമായത്. എല്ലാവരും നിയമത്തിന് മുന്നില്‍ സമന്മാരാണ്. പ്രസിഡന്റ് പോലും നിയമത്തിനതീതനല്ല. പ്രസിഡന്റിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ഫലത്തില്‍ പരിധികളില്ല എന്നാണ് വിധി അര്‍ഥമാക്കുന്നത്.യു.എസ് പാര്‍ലമെന്റിലേക്ക് ആള്‍ക്കൂട്ടത്തെ അയച്ച ആളാണ് കുറ്റവിചാരണ നേരിടുന്നതെന്ന് കലാപം ഇളക്കിവിട്ടതില്‍ ട്രംപിന് പങ്കുണ്ടെന്ന കേസിനെ പരാമര്‍ശിച്ച് ബൈഡന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കന്‍ ജനതക്ക് കോടതികള്‍ ഉത്തരം നല്‍കണമെന്നും തിങ്കളാഴ്ച വൈകി ടെലിവിഷന്‍ ചാനലില്‍ നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Previous Post Next Post