ചെളിയില്‍ പുതഞ്ഞ് കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍; രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്നത് നടുക്കുന്ന കാഴ്ചകള്‍...





കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച വയനാട്ടിലെ മുണ്ടക്കൈ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചകള്‍. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലും കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടതോടെ ബുധനാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിച്ചേരാനായത്.

രക്ഷാപ്രവര്‍ത്തകര്‍ മരിച്ചവരെ പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ ആരുടെയും കരള്‍ അലിയിപ്പിക്കുന്നതാണ്. ചെളിയില്‍ മുങ്ങിയ ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് കയറുകെട്ടി അകത്തുകയറിയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. ചെളിയില്‍ മൂടിയ മൃതദേഹങ്ങള്‍ കസേരയില്‍ ഇരിക്കുന്നതും കട്ടിലില്‍  കിടക്കുന്നനിലയിലാണ് കണ്ടെത്തിയതെന്ന അകത്തുകയറി മൃതദേഹം പുറത്തെത്തിച്ചയാള്‍ പറയുന്നു.

ചൊവ്വാഴ്ച പുലര്‍ച്ച ഉരുള്‍പൊട്ടലുണ്ടായ സമയത്ത് ഇവര്‍ കിടക്കുകയോ ഇരിക്കുയോ ആയിരിക്കാമെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 175 ആയി. പ്രദേശത്ത് കുടുങ്ങികിടക്കുന്നവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Previous Post Next Post