കോട്ടയത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൂരകൃത്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ടീന


കോട്ടയത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൂരകൃത്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ടീന. മനോജ് കെ ജെ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന സിസ്റ്റര്‍ ടീനയുടെ വീഡിയോ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് സമൂഹ മാധ്യമങ്ങളില്‍. തെറ്റുകള്‍ ചെയ്തിട്ടും ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ട് നടക്കുകയും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നത് ക്രിസ്തുമതത്തിലെ മതനേതാക്കന്മാരാണെന്ന് പറയുകയാണ് സിസ്റ്റര്‍ ടീന.
‘മാമോദിസ തുടങ്ങിയുള്ള എല്ലാ കൂദാശകളും ഇന്ന് പള്ളിക്ക് മുതല്‍ക്കൂട്ട് ഉണ്ടാക്കുന്ന കാര്യങ്ങളായി മാറിയിരിക്കുകയാണ്. അതുപോലെ തന്നെ പത്ത് കല്‍പ്പനകളും തന്നിട്ടുണ്ട് മതം. ഈ പറയുന്ന ആളുകള്‍ തന്നെ ഈ 10 കല്‍പ്പനകള്‍ ലംഘിക്കുകയാണ്. ഇവയൊക്കെ ലംഘിച്ചുകൊണ്ടാണ് നമ്മുടെ മതനേതാക്കന്മാര്‍ ഇന്ന് ജീവിക്കുന്നത്. കല്‍പ്പനകളില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കല്‍പ്പനകളാണ് വ്യഭിചാരവും കൊലപാതകവും. എന്റെ ലാപ്‌ടോപ്പില്‍ ഏതാണ്ട് 32 കന്യാസ്ത്രീമാരുടെ കൊലപാതകങ്ങള്‍ കിടപ്പുണ്ട്. കിണറ്റില്‍ മരിച്ചനിലയിലും തൂങ്ങിമരിച്ച നിലയിലും ഒക്കെ കണ്ടെത്തിയിട്ടുളളവരുടെ. ഈ സിസ്റ്റര്‍മാര്‍ കൊല്ലപ്പെട്ടു എന്ന് തെളിയാതിരിക്കാന്‍ വേണ്ടി അതിന്റെ തുടക്കത്തില്‍ തന്നെ തെളിവുകള്‍ നശിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇങ്ങനെ കൊലപാതകം നടത്തുന്ന അല്ലെങ്കില്‍ ഈ വ്യഭിചാരം നടത്തുന്ന അല്ലെങ്കില്‍ സാമ്പത്തിക ചൂഷണം നടത്തുന്ന വേറെ ആരും ഈ ലോകത്തെ ഉണ്ടാവില്ല. ഉണ്ടാവും, പക്ഷേ അവര്‍ക്കൊക്കെ കോടതിയും ശിക്ഷയും ഉണ്ട്’ 
‘ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ട് നടക്കുകയും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നത് ഈ മതത്തിലുളളവരാണ്. മിക്ക മതത്തിലും ഇത് ഉണ്ട്. പക്ഷേ ക്രിസ്തുമതത്തിലാണ് ഇവരുടെ സാന്നിധ്യം ഏറ്റവും കൂടുതലുള്ളത്. ഇങ്ങനെ തെറ്റുകള്‍ ചെയ്യുന്ന വ്യക്തികള്‍ നമ്മളെ ആത്മീയമായി നയിക്കുമ്പോള്‍ എങ്ങനെ ഈ സഭ പരിഷ്‌കരിക്കപ്പെടുമെന്നാണ് പറയുന്നത്.. അതുകൊണ്ടുതന്നെയാണ് ഞാന്‍ പറയുന്നത് അതിജീവിക്കാനായി പരിഷ്‌കരിക്കപ്പെടുകയില്ല എന്ന്. അത്രത്തോളം വിഷമത്തില്‍ നിന്നാണ് ഞാനിപ്പോള്‍ സംസാരിക്കുന്നത്. വളരെയധികം സഭയ്ക്കുവേണ്ടി ജീവിച്ചിട്ടുള്ള ഇപ്പോഴും ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ കടുത്ത വിഷത്തേക്കാള്‍ കൂടിയ വിഷമാണ് അതിനകത്ത് നടക്കുന്നത്. വേണമെങ്കില്‍ അവര്‍ക്ക് മാനസാന്തരപ്പെടാം. പക്ഷേ അവര്‍ അങ്ങനെ മാനസാന്തരപ്പെടുന്നില്ല’, സിസ്റ്റര്‍ ടീന പറയുന്നു





Previous Post Next Post