വയനാട് മലനിര തുരന്ന് ആനക്കാംപോയിൽ - മേപ്പാടി തുരങ്കപാത പദ്ധതി നടപ്പാക്കാനുളള തീരുമാനം ഉപേക്ഷിക്കണം, പരിസ്ഥിതിലോല പ്രദേശങ്ങളിലെ പാറമടകൾ അടച്ചു പൂട്ടണം: ദേശീയ ജനതാ പാർട്ടി


തിരുവനന്തപുരം: വയനാട് ജില്ലയിലുണ്ടായ  പ്രകൃതിദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ ആസൂത്രണം ചെയ്യുന്ന വയനാടു മലതുരന്നുള്ള ആനക്കാംപോയിൽ-മേപ്പാടി തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന് ദേശീയ ജനതാ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ,
വർക്കിംഗ് പ്രസിഡന്റ് എൻ. ഓ കുട്ടപ്പൻ, യുവജനത സംസ്ഥാന പ്രസിഡണ്ട് ജയൻ ബാബു, മഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് അജിതാ ജയ്ഷോർ എന്നിവർ സംയുക്ത പ്രസ്താവനയിൽ  ആവിശ്യപ്പെട്ടു.

പരിസ്ഥിതിലോല പ്രദേശങ്ങളിലെ പാറമടകൾ അടച്ചു പൂട്ടണമെന്നും പുതിയ ലൈസൻസുകൾ നൽകാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ദേശീയ ജനതാ പാർട്ടി  ആവിശ്യപ്പെട്ടു.
സമാനതകളില്ലാത്ത ദുരന്തത്തെ അതിസാഹസികമായി 
നേരിടുകയാണ് നമ്മുടെ നാട്. തോറ്റു പിന്മാറാത്ത മനുഷ്യർ സഹജീവികളുടെ ജീവനുവേണ്ടി രാത്രിയിലും ദുരന്തഭൂമിയിൽ സർവ്വസന്നാഹങ്ങളുമായി രക്ഷാപ്രവർത്തനം നടത്തുന്നു.

മനുഷ്യസാധ്യമായ സകലസഹായങ്ങളും വയനാട്ടിലേക്ക് എത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ, രക്ഷാപ്രവർത്തകർ, സൈന്യം, പോലീസ്, സന്നദ്ധസംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, മാധ്യമങ്ങൾ, സാധാരണക്കാർ ഒന്നടങ്കം  ഒറ്റക്കെട്ടാകുന്ന കാഴ്ചയാണ് നാം കാണുന്നത്.

കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോൾത്തന്നെ ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നതിൽ 
 ഭരണകൂടങ്ങളുടെ പങ്ക് എന്താണെന്നു കൂടി വിലയിരുത്തപ്പെടണം.
പരിസ്ഥിതി ലോല പ്രദേശങ്ങളായ  ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളും ദുരന്ത ഭീതിയിലാണ്. ഇത്തരം പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾ  ഉടനടി അടച്ചുപൂട്ടിക്കാൻ സർക്കാർ തയ്യാറാവണം.
ഈ ജില്ലകളിൽ പല കാരണങ്ങളാലും അനുമതി നിഷേധിക്കപ്പെട്ട നൂറു കണക്കിനു പാറമടകൾക്ക് ലൈസൻസു  നൽകാൻ   സർക്കാർ അണിയറയിൽ നീക്കം നടത്തുകയാണെന്ന് 
നേതാക്കൾ കുറ്റപ്പെടുത്തി.
Previous Post Next Post