ഡോ. എം എസ് വല്യത്താൻ അന്തരിച്ചു



തിരുവനന്തപുരം: പ്രശസ്ത കാർഡിയാക് സർജൻ ഡോ. എം എസ് വല്യത്താൻ(90) അന്തരിച്ചു.. മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം. ലോകമെങ്ങും ആദരിക്കുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധനാണ്.

മാവേലിക്കര രാജകുടുംബാംഗമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് പാസ്സായത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്. തുടർന്ന് ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി. 1970 ൽ ഹൃദയ ശസ്ത്രക്രിയയിൽ കാനഡയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെയും സർജന്റെയും ഫെലോഷിപ്പും ലഭിച്ചു.

മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ നിർദേശ പ്രകാരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ മുന്നിൽ നിന്നു പ്രവർത്തിച്ചു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. ഡോ. എം എസ് വല്യത്താന്റെ നേതൃത്വത്തിലാണ് ശ്രീചിത്രയിലെ ബയോമെഡിക്കൽ വിഭാഗത്തിൽ ആദ്യമായി ഹൃദയവാൽവ് നിർമ്മിച്ചത്. ബ്ലഡ് ബാഗ്, കാർഡിയോടോമി റിസർവോയർ തുടങ്ങിയ ഡിസ്പോസിബിൾ ഉപകരണങ്ങളും വികസിപ്പിച്ചു.

അലോപ്പതിക്കൊപ്പം ആയുർവേദവും വല്യത്താൻ പഠിച്ചിരുന്നു. ആയുർവേദ ബയോളജി എന്ന ചിന്തയ്ക്കും ഡോ. വല്യത്താൻ തുടക്കമിട്ടിരുന്നു. മണിപ്പാൽ സർവകലാശാലയുടെ ആദ്യ മണിപ്പാൽ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറാണ്. ദേശീയ ശാസ്ത്ര സാങ്കേതിക അക്കാദമി അധ്യക്ഷനായിരുന്നു. രാജ്യം പത്മവിഭൂഷനും പത്മശ്രീയും നൽകി ആദരിച്ചിരുന്നു. നിരവധി ഓണററി ബിരുദങ്ങളും ഫെലോഷിപ്പുകളും അവാർഡുകളും വലിയത്താന് ലഭിച്ചിട്ടുണ്ട്.
Previous Post Next Post