കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കെപിസിസി ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യം!




വയനാട്‌  കെപിസിസി നേതൃ ക്യാമ്പില്‍ അധ്യക്ഷന്‍ കെ. സുധാകരനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 

കെപിസിസി ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യമാണെന്ന് സതീശന്‍ പറഞ്ഞു. ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാന്‍ കൊള്ളില്ല. 

മണ്ഡലം പുനഃസംഘടനയില്‍ എ ഗ്രൂപ്പും കെ സുധാകരനെതിരെ രംഗത്തെത്തി. രാഷ്ട്രീയകാര്യ സമിതിയിലാണ് സുധാകരനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നത്. നേരത്തെയും കെപിസിസി അധ്യക്ഷന്റെ നടപടികളില്‍ സതീശന് അതൃപ്തിയുണ്ടായിരുന്നു. 

പലതവണ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും വിമര്‍ശനമുയര്‍ന്നിട്ടും സുധാകരന്‍ ഒരക്ഷരം മറുപടി നല്‍കിയില്ലെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ നേതൃക്യാമ്പിലെ മറ്റ് യോഗങ്ങളില്‍ വിമര്‍ശനമുണ്ടായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചയായത്. വിമര്‍ശനം രാഷ്ട്രീയകാര്യ സമിതിയില്‍ മാത്രമായി ഒതുക്കുകയായിരുന്നു. 

കൂടോത്ര വിവാദത്തിലടക്കമുള്ള അതൃപ്തിയാണ് വി.ഡി സതീശന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉന്നയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല അതൃപ്തികളും സതീശന്‍ എഐസിസിയെ അറിയിച്ചിരുന്നു.
താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലുള്ള ചുമതലകള്‍ മുതിര്‍ന്ന നേതാക്കള്‍ ഏറ്റെടുത്തുവെന്നത് യോഗത്തിന്റെ നേട്ടമായി പുറത്തുവരുമ്പോഴാണ് കടുത്ത വിമര്‍ശനവും ഉയരുന്നത്. 

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിന്റെ സൂചന കൂടിയാണ് രാഷ്ട്രീയകാര്യ സമിതിയിലെ പൊട്ടിത്തെറി.
Previous Post Next Post