പ്രത്യേക പദവി നൽകില്ലെന്ന് കേന്ദ്രം; നിതീഷ് കുമാറിന് തിരിച്ചടി…


ന്യൂഡൽഹി: ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ ഇൻഡ്യ സഖത്തിനൊപ്പം എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യു വിന്റെ സഞ്ജയ് കുമാർ ഝായും ലോക് ജൻ ശക്തി നേതാവും കേന്ദ്രമ​ന്ത്രിയുമായ ചിരാഗ് പാസ്വാനുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ആർ.​ജെ.ഡിയും പിന്തുണയുമായുണ്ടായിരുന്നു. കേന്ദ്രത്തിന്റെ തീരുമാനം ജെ.ഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് ശക്തമായ തിരിച്ചടിയാണ്.
ഝഞ്ചർപൂർ ലോക്‌സഭാ എം.പി രാംപ്രിത് മണ്ഡലിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവി നല്കാനാവില്ലെന്ന കാര്യം വ്യക്തമാക്കിയത്. ‘മുൻപ് ചില സംസ്ഥാനങ്ങൾക്ക് പദ്ധതികൾ എളുപ്പത്തിൽ ലഭിക്കാനായി ദേശീയ വികസന കൗൺസിൽ പ്രത്യേക പദവി നൽകിയിരുന്നു. എന്നാൽ ആ വിഭാഗത്തിൽ ഉൾപ്പെടാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക സവിശേഷതകൾ വേണം. ആ സംസ്ഥാനം മലയോരവും ദുഷ്‍കരവുമായ ഭൂപ്രദേശമായിരിക്കണം, ജനസാന്ദ്രത കുറവായിരിക്കണം. അതല്ലെങ്കിൽ ആദിവാസി ജനസംഖ്യ കൂടുതലായിരിക്കണം. അയൽ രാജ്യങ്ങളുമായുള്ള അതിർത്തിയിലെ തന്ത്രപ്രധാന സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാകണം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരിക്കണം.” ഈ പട്ടിക കൂടി പരിഗണിച്ചാണ് ബിഹാറിന് പ്രത്യേക പദവി നൽകേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

ബിഹാർ, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി വേണമെന്ന് ജെ.ഡി.യു, ​വൈ.എസ്.ആർ.സി.പി, ബി.ജെ.ഡി പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എൻ.ഡി​.എ സഖ്യത്തിലെ പ്രധാന കക്ഷിയാണ് ജെ.ഡി.യു. ബിഹാറിന് പ്രത്യേക പദവിയാവശ്യപ്പെട്ട് എൻ.ഡി.എ പ്രമേയം പാസാക്കിയിരുന്നു. ആന്ധ്ര പ്രദേശിലെ നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഈയാവശ്യം വീണ്ടും ഉയരുകയുണ്ടായി

Previous Post Next Post