ആലപ്പുഴ: മാന്നാറിൽ കലയെന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവത്തിൽ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്ത് വെച്ചാണ് കലയെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ എങ്ങനെയാണ് കൊലപാതകം നടത്തിയത് എന്നോ എവിടെയാണ് മൃതദേഹം മറവ് ചെയ്തത് എന്നോ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
രണ്ടാം പ്രതി ജിനു കോലപ്പെടുത്തിയ സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ മൃതദേഹം എവിടെയാണ് മറവ് ചെയ്തത് എന്ന് അറിയില്ലെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2009 ഡിസംബർ ആദ്യ ആഴ്ചയാണ് കൊലപാതകം നടന്നത്. കലയ്ക്ക് കുട്ടംപേരൂർ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പ്രതികള്‍ക്ക് ഉണ്ടായ പകയ്ക്ക് കാരണം. കലയുടെ ഭർത്താവ് അനില്‍ കുമാര്‍ വിദേശത്തായിരുന്ന സമയത്ത് ഇയാളെ അനില്‍ കുമാറിന്റെ ബന്ധുക്കൾ മർദിച്ചിരുന്നു. ഇക്കൂട്ടത്തില്‍ പ്രതിയായ പ്രമോദും ഉണ്ടായിരുന്നതായി റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവില്‍, മൂന്ന് പ്രതികളാണ് കസ്റ്റഡിയില്‍ ഉള്ളത്. ആറ് ദിവസം ആണ് കസ്റ്റഡി കാലാവധി. പ്രതികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. മാന്നാർ സ്വദേശികളായ ജിനു, പ്രമോദ്, സോമൻ എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ചെങ്ങന്നൂർ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.
കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളാണ് ഇവർ. ഇവരെ കഴിഞ്ഞ ദിവസം മാന്നാർ പോലീസ് ക്‌സ്റ്റഡിയിൽ എടുത്തിരുന്നു. കലയുടേത് കൊലപാതകം ആണെന്ന് വ്യക്തമായതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ മുതൽ ഇവരെ വിശദമായി ഇവരെ ചോദ്യം ചെയ്തുവരികയായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെയും, ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. പലതവണയായി പ്രത്യേകം ഇരുത്തി ആയിരുന്നു ചോദ്യം ചെയ്യൽ.