ലാ നിന വന്നാൽ പ്രളയസമാന സാഹചര്യമുണ്ടായേക്കാം; നീത കെ ഗോപാല്‍






പ്രളയത്തെ നേരിടാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരള ഡയറക്ടര്‍ നീത കെ ഗോപാല്‍. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടുതല്‍ ലഭിച്ചാല്‍ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടായേക്കാം. എന്നാല്‍ ഓഖിക്ക് ശേഷം കേരളത്തിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മികച്ച രീതിയിലാണ്. മേഘ വിസ്ഫോടനം എന്നു പറയുന്നത് കാലാവസ്ഥ പ്രതിഭാസമല്ലെന്നും നീത കെ ഗോപാല്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു.
മേഘവിസ്‌ഫോടനം കാലാവസ്ഥ പ്രതിഭാസമാണ് എന്ന രീതിയില്‍ പല സ്ഥലത്തും കാണാറുണ്ട്. എന്നാല്‍ മിതമായ മഴ, അതിതീവ്ര മഴ എന്നൊക്കെ പറയുന്നതു പോലെയുള്ള ഒരു വിഭാഗം മാത്രമാണ് അത്. മഴയുടെ അളവ് മാത്രമാണ് അത്. പ്രതീകാത്മകമായി ഉപയോഗിക്കുന്ന ഒരുവാക്ക് മാത്രമാണ്. മേഘ വിസ്ഫോടനത്തിന് മേഘവുമായി ബന്ധമൊന്നുമില്ല. പണ്ട് മുതലെയുള്ള വാക്കാണ്. കളമശ്ശേരിയില്‍ അടുത്തിടെയുണ്ടായതു മാത്രമാണ് മേഘവിസ്‌ഫോടനമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളൂ. റെക്കോര്‍ഡ് ചെയ്യപ്പെടാത്തവ നിരവധിയുണ്ടാവാം. ഒരു ദിവസം 70 സെന്റീ മീറ്ററും 100 സെന്റീമീറ്ററുമെല്ലാം മഴ കിട്ടിയിട്ടുണ്ട്. അവിടെയൊക്കെ മേഘവിസ്‌ഫോടനമുണ്ടായിട്ടുണ്ടാകാം. അവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. – നീത വ്യക്തമാക്കി.

മെയ് മുതല്‍ ജൂലൈ വരെയുള്ള മഴയില്‍ മണ്ണിലേക്ക് ആവശ്യത്തിന് വെള്ളം ഇറങ്ങിയിട്ടുണ്ടാകും. പിന്നീട് പെയ്യുന്ന മഴ വെള്ളം ഉയരുന്നതിന് കാരണമാകാം. അതാണ് പ്രളയ സാധ്യതയായി പറയുന്നത്. ലാ നിന സാഹചര്യം വന്നു കഴിഞ്ഞാല്‍ മഴ കൂടുതല്‍ ലഭിക്കും. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടുതല്‍ ലഭിച്ചാല്‍ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടായേക്കാം. ന്യൂനമര്‍ദത്തിന്റെ ദിശയൊക്കെ ഇതിന് പ്രധാനമാണ്.


2018 പോലെയുള്ള പ്രളയം ഉണ്ടാകുമോ എന്നു ചോദിച്ചാല്‍ അങ്ങനെയുണ്ടാകില്ല എന്ന് പറയാനാവില്ല. പക്ഷേ മുന്‍പ് നമുക്കൊരു അനുഭവം ഉള്ളതുകൊണ്ടുതന്നെ നമ്മള്‍ അത് നേരിടാനായി മികച്ച തയ്യാറെടുപ്പാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ നമ്മുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മികച്ച രീതിയിലാണ്. ഓഖി ചുഴലിക്കാറ്റിനു മുന്‍പ് ഇത്തരം തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നില്ല. മഴയുണ്ടാകാം, പക്ഷേ നമ്മള്‍ അതിനെ നേരിടാന്‍ തയ്യാറാണെന്നും നീത കെ ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രീയമായി നമ്മുടെ കാലാവസ്ഥ പ്രവചനാതീതമാണ്. എന്നാല്‍ മുന്‍പ് കാലവര്‍ഷം പ്രവചനങ്ങള്‍ക്ക് അനുസരിച്ചുള്ളതായിരുന്നു. അതിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഐഎംഡിയുടെ കഴിവില്ലായ്മ കൊണ്ടല്ല ഇത്. ലോകത്തെ ഏത് കാലാവസ്ഥ കേന്ദ്രങ്ങള്‍ക്കും ഉള്ളത്ര സംവിധാനങ്ങളെല്ലാം നമുക്കുണ്ട്. എന്നാല്‍ ട്രോപ്പിക്കല്‍ റീജ്യണിലായതുകൊണ്ടാണ് കാലാവസ്ഥയെ പ്രവചനാതീതമാക്കുന്നതെന്നും വ്യക്തമാക്കി
Previous Post Next Post