ഫറോക്കിൽ മുക്കുപണ്ടം പണയം വയ്ക്കാൻ എത്തിയ ആൾ പിടിയിൽ


ഫറോക്ക്:*വ്യാജസ്വർണം പണയം വച്ച് സഹകരണ ബാങ്കിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. നിലമ്പൂർ ചന്തക്കുന്ന് ചാരംകുളം എ.പി.ഹഫ്സലാണ് (38) അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കരുവൻതിരുത്തി സഹകരണ ബാങ്കിന്റെ ചുങ്കം ശാഖയിൽ 80 ഗ്രാം മുക്കുപണ്ടവുമായി എത്തിയ ഇയാൾ 5 ലക്ഷം രൂപ പണയ വായ്പ ആവശ്യപ്പെട്ടു. അപ്രൈസർ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്നു കണ്ടെത്തി.
ഉടൻ ബ്രാഞ്ച് മാനേജർ പൊലീസിൽ അറിയിച്ചു.

എസ്ഐ ആർ.എസ്.വിനയന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. മേഖലയിൽ വ്യാജസ്വർണം പണയം വച്ച് പണം തട്ടുന്ന സംഘം സജീവമായിട്ടുണ്ട്. ബാങ്ക് ജീവനക്കാർ ജാഗ്രത പുലർത്തുന്നതിനിടെയാണു ഇയാൾ 80 ഗ്രാം മുക്കുപണ്ടം കൊണ്ടുവന്നത്. പണയം വയ്ക്കാൻ നിലമ്പൂരിൽ നിന്ന് എന്തിന് ഫറോക്കിൽ എത്തിയെന്ന കാര്യവും ഇതിനു പിന്നിൽ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചു വരികയാണ്.

Previous Post Next Post