ധനവകുപ്പ് ഉടക്കി, ഡ്രൈവങ് ലൈസന്‍സ്, ആര്‍.സി. ബുക്ക് അച്ചടി വീണ്ടും മുടങ്ങി



ഗതാഗതവകുപ്പിന്റെ ഫയലിൽ വീണ്ടും ധനവകുപ്പ് ഉടക്കുവെച്ചതോടെ, സംസ്ഥാനത്തെ വാഹന രജിസ്ട്രേഷൻ (ആർ.സി.) വിതരണവും ഡ്രൈവിങ് ലൈസൻസ് അച്ചടിയും മുടങ്ങി. പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. ലിമിറ്റഡിനാണ് അച്ചടിക്കരാർ. ഇവർക്കുള്ള 10 കോടിയോളം കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് കത്തയച്ചിട്ട് ഒരുമാസത്തിലേറെയായി. പക്ഷെ, ധനവകുപ്പ് അനങ്ങിയിട്ടില്ല.

ആർ.സി. തയ്യാറാക്കാനുള്ള കാർഡ് എത്തിക്കുന്നത് വ്യാഴാഴ്ചമുതൽ കമ്പനി നിർത്തി. രണ്ടുദിവസമായി ആർ.സി. അച്ചടി നിർത്തിയിട്ട്. ലൈസൻസ് പ്രിന്റിങ്ങും ഉടൻ നിർത്തിയേക്കും. 85,000 ലൈസൻസും രണ്ടുലക്ഷം ആർ.സി.യുമാണ് ഇനി അച്ചടിക്കാനുള്ളത്.

ധന-ഗതാഗത വകുപ്പ് തർക്കത്തിൽ കഴിഞ്ഞ നവംബറിൽ ആർ.സി., ലൈസൻസ് വിതരണം മുടങ്ങിയിരുന്നു. ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ടശേഷം കുടിശ്ശിക തീർക്കാൻ എട്ടുകോടി ധനവകുപ്പ് നൽകി. എന്നാൽ പിന്നീട് സമയബന്ധിതമായി പണം ലഭിച്ചിട്ടില്ലെന്ന് ഐ.ടി.ഐ. അധികൃതർ പറയുന്നു.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ബില്ല് മേയിലും ഏപ്രിലിലെ ബില്ല് ജൂണിലുമാണ് നൽകിയത്. പിന്നീട് തുകയൊന്നും ലഭിച്ചിട്ടില്ല. വൻകിട കമ്പനികൾ നോട്ടമിട്ട ലൈസൻസ്, ആർ.സി. അച്ചടി മോട്ടോർവാഹനവകുപ്പ് കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ടി.ഐ.ക്ക് കൈമാറുകയായിരുന്നു. അന്നുമുതൽ പദ്ധതിക്കെതിരേ ഗൂഢാലോചനയുണ്ട്.
ഗില്ലോച്ചെ പ്രിന്റിങ് ഉൾപ്പെടെ ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള കാർഡൊന്നിന് 60 രൂപയും നികുതിയുമാണ് അച്ചടിക്കൂലി. ഒരു കാർഡിന് 200 രൂപ അപേക്ഷകരിൽനിന്നും മോട്ടോർവാഹനവകുപ്പ് ഈടാക്കും. ഈ തുക നേരേ ട്രഷറിയിലേക്കു പോവും. ചെലവായ തുക പിന്നീട് മോട്ടോർവാഹനവകുപ്പ് തിരികെ വാങ്ങണം. ഈ ഫയലിലാണ് ഇപ്പോൾ കാലതാമസം. ലൈസൻസും ആർ.സി.യും തയ്യാറാക്കാൻ ഉപയോഗിക്കുന്ന പെറ്റ് ജി കാർഡ്, മഷി തുടങ്ങിയവ വാങ്ങിയവകയിൽ വൻതുക വിതരണക്കാർക്ക് നൽകാനുണ്ടെന്ന് ഐ.ടി.ഐ. അധികൃതർ പറഞ്ഞു.


/
Previous Post Next Post