കുവൈറ്റിൽ ഒരാളുടെ പേരിൽ എടുത്ത വീട്ടിൽ മറ്റൊരാൾക്ക് താമസിക്കാനാവില്ല; രജിസ്‌ട്രേഷൻ കർശനമാക്കി


കുവൈറ്റിൽ മറ്റൊരാളുടെ പേരിൽ എടുത്ത വീടുകളിലോ കെട്ടിടങ്ങളിലോ താമസിക്കാൻ ഇനി സാധിക്കില്ല. ഓരോ താമസ ഇടങ്ങളിലും പാർക്കുന്നവരുടെ പേരു വിവരങ്ങൾ തന്നെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന കാര്യം ഉറപ്പാക്കണമെന്ന് പ്രോപ്പർട്ടി ഉടമകൾക്കും വീട്ടുടമകൾക്കും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണിത്.നിലവിൽ നിയമാനുസൃതമായ താമസക്കാർ മാത്രമാണ് കെട്ടിടത്തിൽ ഉള്ളതെന്ന് വ്യക്തമാക്കണമെന്നു മാത്രമല്ല, നിലവിൽ താമസിക്കാത്ത ആരുടെയെങ്കിലും പേരുകൾ കെട്ടിടത്തിലെ താമസക്കാരായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അവ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യണമെന്നും അധികൃതർ നിർദ്ദേശം നൽകി. താമസക്കാരല്ലാത്ത വ്യക്തികളെ അവരുടെ വിലാസ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ പ്രോപ്പർട്ടി ഉടമകൾ അവരുടെ വിരലടയാളം നൽകേണ്ടതുണ്ടെന്ന് പിഎസിഐയിലെ രജിസ്‌ട്രേഷൻ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജാബർ അൽ കന്ദരി പറഞ്ഞു. താമസക്കാരുടെ പേരുകൾ തെറ്റായ രീതിയിൽ നീക്കം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.
Previous Post Next Post