പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു; പ്രതിക്കായി തിരച്ചില്‍




കൊച്ചി:പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എന്‍ഡിപിക്ക് സമീപം കുടുംബവുമൊന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഒഡിഷ സ്വദേശി ആകാശ് ഡിഗല്‍ (34) ആണ് മരിച്ചത്. ഒഡിഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. സംഭവശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

രാവിലെ 7.30ന് ആയിരുന്നു സംഭവം. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ആകാശ് ഡിഗലും കുടുംബവും താമസിക്കുന്നത്. ഇതേ കെട്ടിടത്തിലാണ് അഞ്ജന നായിക്കും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു.

പരിക്കേറ്റ ആകാശിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Previous Post Next Post