റേഷൻ കടകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല; ജൂലൈയിലെ റേഷൻ വിതരണം വൈകും




തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്. ഇതോടെ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്.
വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമാക്കുക, പൊതു വിതരണ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം. തിങ്കളും ചൊവ്വയും കടയടച്ചിടാനാണ് തീരുമാനം. തിരുവന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ വ്യാപാരികൾ രാപ്പകൽ സമരം നടത്തുമെന്നും സമര സമിതി നേതാക്കൾ അറിയിച്ചു.

കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം 5 വരെ നീട്ടിയിരുന്നു. 6 ന് ഇ പോസ് മെഷീൻ ശരിയാക്കാനായി അവധി നൽകിയിരുന്നു. 7 -ാം തിയതി ഞായറാഴ്ചയായതിനാൽ റേഷൻ കടകൾ പ്രവർത്തിച്ചിരുന്നില്ല. 8, 9 തിയതികളിൽ വ്യാപാരികളുടെ സമരം കൂടിയായതോടെ റേഷൻ വിതരണം പ്രതിസന്ധിയിലാണ്. അതായത് ജൂലൈ മാസത്തെ റേഷൻ വിതരണം തുടങ്ങാൻ കുറഞ്ഞത് പത്താം തിയതിയെങ്കിലുമാകും. റേഷൻ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരാണ് ഇതിലൂടെ പ്രതിസന്ധിയിലാകുന്നത്.
Previous Post Next Post