കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ മുക്കുവൻകോട് സ്വദേശി ജോണിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. പട്രോളിങ്ങിനിടയിൽ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ജോണിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു സംഘം.
പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ ജോൺ അക്രമാസക്തനാകുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനിൽ കുമാറിനെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും പൊലീസ് പറയുന്നു. തടയാൻ ശ്രമിച്ച എക്സൈസ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെയും ജോൺ ആക്രമിച്ചു. ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.