2024-ല്‍ ശ്രീലങ്കയില്‍ നടക്കുന്ന ഒന്‍പതാമത് ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിൽ ആശ ശോഭന, സജന സജീവന്‍ എന്നീ മലയാളി താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചു. ജൂലായ് 19 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. ട്രാവലിങ് റിസര്‍വായി നാലുപേരെയും ഉള്‍പ്പെടുത്തി.
എ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യ ജൂലായ് 19-ന് പാകിസ്താനെയാണ് ആദ്യം നേരിടുക. 21-ന് യുഎഇയുമായും 23-ന് നേപ്പാളുമായുമാണ് മറ്റു ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. ധാംബുള്ളയിലാണ് ഇന്ത്യയുടെ മൂന്ന് മത്സരങ്ങളും. മൊത്തം എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കഴിഞ്ഞ തവണ കിരീടം ചൂടിയിരുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലാന്‍ഡ് എന്നിവയാണ് പങ്കെടുക്കുന്ന മറ്റു ടീമുകള്‍.
ഇന്ത്യന്‍ സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകാര്‍, അരുന്ധതി റെഡ്ഢി, രേണുക സിങ് ഠാക്കൂര്‍, ദയാലന്‍ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്‍. ട്രാവലിങ് റിസർവ്: ശ്വേത സെഹ്‌റവത്ത്, സെയ്ക ഇസ്ഹാഖ്, തനൂജ കാന്‍വര്‍, മേഘ്‌ന സിങ്.