'ദിവസവും പള്ളികളുടെ ഗേറ്റില്‍ പോയി മടങ്ങുന്ന പതിവ് പറ്റില്ല'; സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കര്‍മ്മപദ്ധതി വേണമെന്ന് ഹൈക്കോടതി




കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കര്‍മ്മപദ്ധതി വേണമെന്ന് ഹൈക്കോടതി. എല്ലാ ദിവസവും പള്ളികളുടെ ഗേറ്റില്‍ പോയി മടങ്ങി വരാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. യാക്കോബായ പള്ളികളില്‍ കോടതി വിധി നടപ്പാക്കാന്‍ സ്വീകരിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃത്യമായ കര്‍മപദ്ധതി തയ്യാറാക്കി വരികയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ആര്‍ജവം സര്‍ക്കാരിന് ഇല്ലേയെന്ന് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ചോദിച്ചു. കോടതി വിധി നടപ്പാക്കാന്‍ പൊലീസിന് കഴിവില്ലേ?. എല്ലാ ദിവസവും പള്ളിയുടെ ഗേറ്റില്‍ പോയി വെറുതെ മടങ്ങി വരുന്ന പതിവ് ഇനി അനുവദിക്കാന്‍ കഴിയില്ല. കോടതി വിധി നടപ്പാക്കാന്‍ പൊലീസിന് താല്‍പ്പര്യക്കുറവുണ്ടോയെന്നും കോടതി ചോദിച്ചു. റൂള്‍ ഓഫ് ലോ ഉള്ള നാടാണിത്. ഇവിടെ കൃത്യമായി നിയമപരിപാലനം നടന്നിരിക്കണം. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് ആവശ്യമായ കര്‍മ പദ്ധതി വേണമെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതിക്കായി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. കുട്ടികളേയും കൊണ്ട് പള്ളിയ്ക്കകത്ത് പ്രതിഷേധം ഉണ്ടായി. ബലം പ്രയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇനിയും കാത്തിരിക്കാനാകില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ കോടതിയെ അറിയിച്ചു. അപ്പോള്‍ സര്‍ക്കാരിന് ഒരു അവസരം കൂടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഇനിയും കൃത്യമായ കര്‍മപദ്ധതി തയ്യാറാക്കി സുപ്രീംകോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍, കോടതിഅലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാവുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Previous Post Next Post