നിക്ഷേപകരുടെ 10 കോടിയിലധികം വരുന്ന തുക തട്ടിയെന്ന പരാതിയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. തകരപ്പറമ്പിലുള്ള തിരുവിതാംകൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോർഡ് അംഗങ്ങളുടെ പേരിലാണ് കേസെടുത്തത്.ബിജെപി നേതാക്കളാണ് സംഘത്തിന്റെ ബോർഡിലുള്ളത്. മൂന്ന് കേസുകളാണ് പരാതിയിൽ പൊലീസ് എടുത്തത്. അഡ്മിനിസ്ട്രേറ്റർ ഭരണമാണ് നിലവിൽ സൊസൈറ്റിലെന്നും ബോർഡംഗങ്ങൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
100ലധികം പേർക്കാണ് പണം തിരികെ കിട്ടാനുള്ളത്. പലതവണ സൊസൈറ്റിയുമായി ബന്ധപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ പരാതിയിൽ പറയുന്നത്.സൊസൈറ്റിക്കു ആറ്റുകാലിലും ശാഖയുണ്ട്. പ്രധാന ഓഫീസും ശാഖയും പൂട്ടിയ നിലയിലാണ്. പത്ത് കോടിക്കു മുകളിൽ നിക്ഷേപകർക്കു നൽകാനുണ്ടെന്നാണ് വിവരമെന്നും കണക്കെടുക്കാൻ താമസിക്കുമെന്നും പൊലീസ് വ്യക്തമാക്കി.സൊസൈറ്റി പ്രസിഡന്റ് ഒന്നാം പ്രതിയും സെക്രട്ടറി രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ 85 പേരാണ് പരാതി നൽകിയത്. ഇതിൽ മൂന്ന് പേരുടെ പരാതിയിൽ ഇന്നലെയോടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.