കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത് തംസുമിനായുള്ള അന്വേഷണത്തിനിടെ തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് മറ്റൊരു കുട്ടിയെ കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവർ തൃശ്ശൂരിൽ എത്തുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിക്കൂട്ടത്ത് നിന്ന് കാണാതായ തസ്മിത് തംസുമിനായി സംസ്ഥാനത്ത് പലയിടങ്ങളിലും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് കാണാതായ കുട്ടിയുമായി സാമ്യമുള്ള ഒരു കുട്ടിയെക്കുറിച്ച് റെയിൽവെ സംരക്ഷണ സേന വിവരം നൽകിയത്. തുടർന്ന് വിശദമായ അന്വേഷണം നടത്തി. ഇതിനൊടുവിലാണ് ഇത് തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയല്ലെന്നും തിരുപ്പൂരിൽ നിന്ന് കാണാതായ അനുപ്രിയ എന്ന കുട്ടിയാണെന്നും സ്ഥിരീകരിച്ചത്. ഈ കുട്ടിയ്ക്ക് തിരുവനന്തപുരത്ത് ബന്ധുക്കളുണ്ടെന്നും മനസിലായി. തുടർന്ന് മാതാപിതാക്കളെ വിവരമറിയിച്ച ശേഷം കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.