സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങൾ സ്കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൻ്റെയും കൈറ്റ് തയ്യാറാക്കിയ
കൈറ്റ് ഗ്നൂ ലിനക്സ് 22.04 എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും ഇടപ്പള്ളിയിലെ കൈറ്റ് റീജിയണൽ സെൻ്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
നിലവിൽ സ്കൂളുകളിൽ നൽകിയിട്ടുള്ള 9000 റോബോട്ടിക് കിറ്റുകൾക്ക് പുറമെയാണിത്. ഒക്ടോബർ മാസത്തോടെ ഇവ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങളെ കുട്ടികളാണ് ആദ്യം ഉൾക്കൊള്ളുന്നത്. അറിവ് സ്കൂളിനും പൊതുസമൂഹത്തിനും ഉതകുന്ന രീതിയിൽ പ്രയോജനപ്പെടുത്താൻ ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മയ്ക്ക് കഴിഞ്ഞു. ഒരു വർഷം 1.80 ലക്ഷം കുട്ടികളാണ് ലിറ്റിൽകൈറ്റ്സിലുള്ളത്. ക്യാമ്പ് ആക്ടിവിറ്റിയിലൂടെ ലഭിച്ച അറിവുകൾ മറ്റു കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനും പഠിപ്പിക്കാനും ഈ കുട്ടികൾക്ക് കഴിയുന്നു. നിർമ്മിത ബുദ്ധിയും റോബോട്ടിക്സും എല്ലാ കുട്ടികളിലേക്കും എത്തുകയാണ്. രാജ്യത്താദ്യമായി ഈ വര്‍ഷം ഏഴാം ക്ലാസിൽ എ.ഐ പരിചയപ്പെടുത്തി. അടുത്ത വര്‍ഷം 8, 9, 10 ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളിലേക്കും ഐ.സി.ടി പാഠപുസ്തക പരിഷ്കാരത്തിലൂടെ നിര്‍മിത ബുദ്ധിയും, റോബോട്ടിക്സും എല്ലാം എത്തുകയാണ്.
സ്കൂളുകളിൽ നൽകിയിരിക്കുന്ന റോബോട്ടിക് കിറ്റുകൾ ഇത്തരത്തിലുള്ള നല്ല ചുവടുവെയ്പ്പാണ്. നിർമ്മിതബുദ്ധി ടൂളുകൾ എങ്ങനെ ഉപയോഗിക്കും എന്നല്ല നമ്മുടെ കുട്ടികൾ പഠിക്കുന്നത്. എ.ഐയുടെ അടിസ്ഥാന കോഡിംഗ് ആണ് പഠിക്കുന്നത്. റോബോട്ടിക്സിന്റെ പ്രോഗ്രാമിംഗ് അവർ ചെയ്യുന്നു. ഗെയിമുകൾ വികസിപ്പിക്കുന്നു, അനിമേഷൻ തയ്യാറാക്കുന്നു, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളിൽ ചിലതുമാത്രമാണിത്. അവരാകട്ടെ സ്കൂളിലെ താല്പര്യമുള്ള കുട്ടികൾ ഈ വിജ്ഞാനം പകർന്നു നൽകുന്നു. ഇത്തരം ശ്രമങ്ങളെ സഹായിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായാണ് അധിക റോബോട്ടിക് കിറ്റുകൾ കൂടി ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾ എപ്പോഴും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അപ്ഡേറ്റഡും ആയിരിക്കുകയും ചെയ്യും. ഇന്നത്തെ കുട്ടികൾക്ക് സ്വയം പഠനത്തിനും രസകരമായ കണ്ടെത്തലുകൾക്കും ധാരാളം അവസരം നൽകേണ്ടതാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഇത്തരം പ്രർത്തനങ്ങളിൽ ഒരുപടി മുന്നിലാണ്. കാരണം ഐടി ക്ലബ് അംഗങ്ങൾക്ക് കൈറ്റ് നൽകുന്ന റൊബോട്ടിക് കിറ്റ് ഉപയോഗിച്ച് സ്വയം പഠിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും ആ വിദ്യ മറ്റ് സഹപാഠികൾക്ക് പകർന്ന് നൽകുന്നതിലും അവക്ക് പ്രത്യേകം പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനപദ്ധതിയുടെ ഭാഗമായി സഹപ്രവർത്തകർക്ക്, സഹപാഠികൾക്ക് അറിവ് പകർന്ന് നൽകാൻ ലഭിക്കുന്ന അവസരം കൃത്യമായി അവർ ഉപയോഗപ്പെടുത്തുന്നു. രക്ഷിതാക്കൾക്ക് സൈബര്‍ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതിയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇത്തരം പ്രവർത്തനങ്ങൾ എല്ലാം നടത്തണമെങ്കിൽ നമുക്ക് സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആവശ്യമാണ്. അതിനു വേണ്ട അന്വേഷണം അന്താരാഷ്ട്ര തലത്തിൽ നമ്മുടെ അധ്യാപകർ നടത്തി. ആ ശ്രമങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണ് ഇപ്പോൾ പ്രകാശനം ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതുകൊണ്ട് 3000 കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. നമ്മുടെ സ്കൂളുകളിലെ അധ്യാപകർതന്നെ പരിശീലനത്തിലൂടെ ആർജിച്ച അറിവുകൾ ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്ത ഓപ്പറേറ്റിംഗ് സിസ്റ്റവും പാഠ്യപദ്ധതികൾക്ക് പിന്തുണ നൽകുന്ന സോഫ്റ്റ്‍വെയറുകളുമാണ് ഇതിലൂടെ ക്ലാസുകളിൽ ഉപയോഗിക്കുന്നത്. ഓരോ വിഷയത്തിനും സഹായകമായ ആപ്ലിക്കേഷനുകൾ ക്ലാസ് തലങ്ങൾക്ക് അനുയോജ്യമായവ കണ്ടെത്തിയതും നമ്മുടെ അധ്യാപകരാണ്.
രാജ്യത്താദ്യമായി മുഴുവന്‍ കുട്ടികള്‍ക്കും ലഭിക്കുന്ന രൂപത്തില്‍ പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളില്‍ കളിപ്പെട്ടി, ഇ@വിദ്യ എന്നീ പേരുകളിൽ പ്രത്യേക ഐ.സി.ടി പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ പല സ്ഥലങ്ങളിലും ഇവയുടെ ക്ലാസ്റൂം വിനിമയം കാര്യക്ഷമമായി നടക്കുന്നില്ല എന്ന പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ പ്രൈമറി ഐ.സി.ടി പഠനം കാര്യക്ഷമമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇനിയും ആവശ്യമുള്ള അധ്യാപകര്‍ക്ക് ഇതിനായി പരിശീലനം നല്‍കാന്‍ വകുപ്പ് സജ്ജവുമാണ്. കർശനമായ മോണിറ്ററിംഗ് ഇതുമായി ബന്ധപ്പെട്ട് വകുപ്പ് നടത്തും എന്നും മന്ത്രി അറിയിച്ചു.
വിവിധ വിഷയങ്ങൾ പഠിക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകൾ ആണ് നമ്മുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ശക്തി. 125ലധികം സോഫ്റ്റ്‌വെയറുകൾ ഇതിൽ ഉണ്ട്. ഇവ ഉപയോഗിക്കേണ്ടത് അധ്യാപകരാണ്. കുട്ടികളും അധ്യാപകരും ചേർന്നാണ് അവയുടെ പ്രയോഗം ക്ലാസ് മുറികളിൽ ഉണ്ടാക്കേണ്ടത്. ആ ശ്രമങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും പിന്തുണയുണ്ടാകും. നമ്മുടെ നിരവധി പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നുണ്ട് യുണിസെഫ്. ലിറ്റിൽ കൈറ്റ്സിനെക്കുറിച്ച് ഈയിടെ നടത്തിയ പഠനം നമുക്ക് വലിയ സന്തോഷവും ആത്മവിശ്വസവും പകരുന്നതാണ്. ഇനിയും യുണിസെഫുമായി സംയുക്തമായി പരിപാടികൾ ആവിഷ്കരിക്കാനും സഹകരിക്കാനും വിദ്യാഭ്യാസവകുപ്പിന് സന്തോഷമേ ഉള്ളൂ എന്നും മന്ത്രി പറഞ്ഞു.
60,000 കുട്ടികളിൽ നിന്ന് പ്രവർത്തന മികവുകൊണ്ട് സംസ്ഥാന ക്യാമ്പിലേക്ക് എത്തിയ വിദ്യാർഥികളെ മന്ത്രി അഭിനന്ദിച്ചു.സ്വയം അറിവ് കണ്ടെത്തുന്നതിനും പുതിയ അറിവുകൾ ഉണ്ടാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടക്കുന്നത്. ഒറ്റയ്ക്കും കൂട്ടായ്മയിലൂടെയും ആവും പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ കുട്ടികളെയും അധ്യാപകരെയും സഹായിക്കുന്നതിനാണ് ഐ.സി.ടി ഉപകരണങ്ങൾ സ്കൂളുകളിൽ നൽകിയിരിക്കുന്നത്. അവയുടെ ഫലപ്രദമായ ഉപയോഗത്തെക്കുറിച്ചുള്ള ആലോചനയിൽ നിന്നാണ് ലിറ്റിൽകൈറ്റ്സ് എന്ന ആശയം ഉണ്ടായത്. വിദ്യാർത്ഥികളുടെ പങ്കാളിത്തം പുതിയ സാങ്കേതിക വിദ്യയുടെ ക്ലാസ് റൂം പ്രയോഗത്തിനും അത്യാവശ്യമായി വരുന്നുവെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, യൂണിസെഫ് സോഷ്യല്‍ പോളിസി ചീഫ് ഡോ.കെ.എല്‍ റാവു, കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, ഐസിഫോസ് ഡയറക്ടര്‍ ഡോ.ടി.ടി. സുനില്‍, യൂണിസെഫ് സോഷ്യല്‍ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണന്‍ എന്നിവർ പങ്കെടുത്തു.