കൊലപാതക കേസിലെ പ്രതി 20 വർഷങ്ങൾക്കു ശേഷം പിടിയിൽ..


അമ്പലപ്പുഴ: സഹോദരീ ഭർത്താവിനെ കുത്തി പരിക്കേൽപിച്ച് കൊലപാതക ശ്രമത്തിന് റിമാൻഡിലായി ജാമ്യത്തിൽ ഇറങ്ങിയ ശേഷം നാടുവിട്ട പ്രതി പിടിയിൽ. 20 വർഷങ്ങൾക്ക് ശേഷം കർണാടക – തമിഴ്നാട് ബോർഡറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അമ്പലപ്പുഴ കരുമാടി ലക്ഷം വീട് കോളനിയിൽ നാണുവിൻ്റെ മകൻ പ്രസാദ് ( 55) നെ ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എം. പ്രതീഷ് കുമാർ ൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിൻ്റെ നേതൃത്വത്തിൽ നടത്തുന്ന എൽ.പി വാറണ്ട് റെയ്ഡിൻ്റെ ഭാഗമായിട്ടുള്ള അന്വേഷണമാണ് 20 വർഷം പഴക്കമുള്ള കേസിലേക്ക് എത്തിക്കുന്നത്. 5.02.2004 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ രണ്ടാമത്തെ സഹോദരിയുടെ ഭർത്താവായ ശശികുമാറുമായി ഉണ്ടായ വാക്കുതർക്കത്തിൽ വയറിന് കുത്തേൽക്കുകയും തുടർന്ന് കൊലപാതക ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്യുകയുമായിരുന്നു. ശേഷം ജാമ്യത്തിലിറങ്ങി നാട് വിടുകയായിരുന്നു. പ്രസാദിൻ്റെ ബന്ധുക്കൾ എല്ലാം കരുമാടിയിൽ നിന്നും താമസം മാറി പോയതിനാൽ പിന്നീട് പ്രസാദിനെ പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തുന്ന എൽ.പി വാറണ്ടിൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ പ്രസാദിൻ്റെ മൂത്ത സഹോദരി പന്തളത്തു താമസിക്കുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു. അന്വേഷണത്തിൽ മൂത്ത സഹോദരിയുമായി പ്രസാദുമായി കോൺടാക്ട് ഉണ്ടെന്ന് മനസിലാക്കുകയും പെങ്ങളുടെ കോൾ ലിസ്റ്റിൽ നിന്നും കർണ്ണാടകയിലെ ബൊമ്മനഹള്ളിയിലെ ഒരു വിലാസം ലഭിക്കുകയുമായിരുന്നു. തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രസാദ് രണ്ടാമത് വിവാഹം ചെയ്ത ഭാര്യ ജോലി ചെയ്യുന്ന തമിഴ്നാട്ടിലെ ഹൊസൂർ എന്ന സ്ഥലത്ത് നിന്നും പിടി കൂടുകയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണിൻ്റെ മേൽ നിർദ്ദേശാനുസരണം അമ്പലപ്പുഴ ഡി.വൈ.എസ്.പി കെ.എൻ. രാജേഷിൻ്റെ മേൽ നോട്ടത്തിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാർ ൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പക്ടർ ടോൾസൺ പി. ജോസഫ്, ഗ്രേഡ് എസ്.ഐ ഹനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൻദാസ്, സിദ്ധിക്ക് ഉൾ അക്ബർ, വിഷ്ണു ജി, ജോസഫ് ജോയി, മാത്യു, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post