കാഫിർ സ്ക്രീൻഷോട്ട്: 25 ലക്ഷം ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇനാം പ്രഖ്യാപിച്ചത്.




കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷ് രാമകൃഷ്ണൻ ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇനാം പ്രഖ്യാപിച്ചത്. ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്നും കമ്മിറ്റിയുടെ പോസ്റ്ററിൽ പറയുന്നു.

റെഡ് എൻകൗണ്ടർ എന്ന ഇടത് അനുകൂല വാട്‌സാപ്പ് ഗ്രൂപ്പിൽ റിബേഷ് ഷെയർ ചെയ്ത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന് പിന്നാലെ റിബേഷിനെതിരെയും ഡിവൈഎഫ്‌ഐക്കെതിരെയും വ്യാപക വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ഇനാം പ്രഖ്യാപനം. വടകരയില്‍ ഡിവൈഎഫ്‌ഐ വിശദീകരണ യോഗവും വിളിച്ചുചേര്‍ക്കുന്നുണ്ട്‌.

തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിന്‍റെ വാട്സാപ്പ് സന്ദേശമെന്ന പേരിലാണ് "കാഫിർ' സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയെ കാഫിറെന്ന് വിളിക്കുന്ന പരാമർശമാണ് ഇതിലുള്ളത്. ഇത് വ്യാജമായി നിർമിച്ച സ്‌ക്രീൻഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവർ പരാതി നൽകിയിരുന്നു.
അതേ സമയം കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യുഡിഎഫ് ആണെന്ന നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇക്കാര്യത്തിൽ സിപിഎമ്മിന് ഒറ്റ നിലപാടാണ് ഉള്ളതെന്നും യുഡിഎഫ് മാപ്പു പറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയുമെന്നും അദ്ദേഹം പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി വടകരയില്‍ യുഡിഎഫാണ് അശ്ലീലതയും വര്‍ഗീയതയും പ്രചരിപ്പിച്ചത്. അവർക്കിത് ഉണ്ടാക്കി നല്ല ശീലവുമുണ്ട്. ഇതിന് ബിജെപിയുടെ പൂര്‍ണ്ണപിന്തുണ ഉണ്ടായിരുന്നു. യുഡിഎഫ് നേതാക്കളാണ് ആദ്യം മാപ്പ് പറഞ്ഞുതുടങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയുടേയും അശ്ലീലച്ചുവയുടേയും ഗുണഭോക്താക്കള്‍ എല്‍ഡിഎഫോ സിപിഎമ്മോ അല്ല. മത്സരരംഗത്തേക്ക് വരുന്ന ആദ്യത്തെ ദിവസം തന്നെ ടീച്ചറമ്മയെന്ന് വിളിച്ച് പരിഹസിച്ച് തുടങ്ങി. കള്ള ലെറ്റര്‍പാഡ് ഉണ്ടാക്കിയത് ഉള്‍പ്പെടെ നിരവധി കേസുകള്‍ വന്നിട്ടുണ്ട്. ഇതിന് പിന്നില്‍ ആളും അവര്‍ക്കെതിരെ കേസുമുണ്ട്. ഇത് തേച്ചുമാച്ചു കളയാന്‍ പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച എല്ലാതലത്തിലും ചർച്ച ആവശ്യമാണ്. നാളെയോ മറ്റന്നാളോ നടപ്പാക്കേണ്ട തീരുമാനമല്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.


Previous Post Next Post